കണ്ണൂര്‍: പട്ടാളക്കാരില്‍ നിന്ന് സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നുവെന്ന മുന്‍ എംപിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയുടെ പ്രസംഗം പിന്‍വലിച്ച് പട്ടാളക്കാരോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി പി.കെ. ശ്രീമതിക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
സിപിഎം പോഷക സംഘടനായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ യോഗത്തിലാണ് ശ്രീമതി പട്ടാളക്കാരെ അധിക്ഷേപിച്ചത്. ശ്രീമതിയുടെ നാക്ക് നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെയും ശ്രീമതി പലതവണ അധിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തുന്ന സ്ത്രീ പീഡനം മറച്ചുവെച്ചാണ് ശ്രീമതി പട്ടാളക്കാരെ അധിക്ഷേപിച്ചത്.
വാളയാറിലെ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയത് ശ്രീമതിയുടെ അണികളാണ്. കോടിയേരി ബാലകൃഷ്ണനും മുമ്പ് പട്ടാളക്കാരെ അധിക്ഷേപിച്ചിട്ടുണ്ട്. പട്ടാളക്കാര്‍ വഴിയില്‍ കാണുന്നവരെയൊക്കെ വെടിവെച്ചു കൊല്ലുമെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു അന്ന് കോടിയേരിയുടെ പ്രസംഗം. പട്ടാളക്കാരുടെ മനോവീര്യം തകര്‍ക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നും കെ.കെ. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
















