ന്യൂദല്‍ഹി: ലോക്സഭയില്‍ തുടര്‍ച്ചയായി സഭാചട്ടങ്ങള്‍ മറികടന്ന് ബഹളമുണ്ടാക്കുന്ന തൃശൂര്‍ എംപി ടി.എന്‍. പ്രതാപനും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനുമെതിരായ നടപടിയെന്തെന്ന് ഇന്നറിയാം. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി സ്പീക്കര്‍ക്ക് നല്കിയ സസ്പെന്ഷന് നോട്ടീസ് ഇന്ന് ലോക്സഭ പരിഗണിക്കും. ചട്ടം 374 പ്രകാരമുള്ള നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്.
വെള്ളിയാഴ്ച ഉന്നാവോ സംഭവത്തില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കെതിരെ കൈചൂണ്ടി ആക്രോശിച്ചുകൊണ്ട് അടുത്തെത്തിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റിയും വലിയ തോതില്‍ ആക്രോശിച്ചും സ്മൃതിക്കു നേരെ ഓടിയടുത്ത പ്രതാപനെയും ഡീനിനെയും മറ്റംഗങ്ങള്‍ തടയുകയായിരുന്നു. വനിതാ അംഗത്തിനെതിരായ മോശം പെരുമാറ്റം അനുവദിക്കാനാവില്ലെന്നാണ് സസ്പെന്ഷന് പ്രമേയത്തിലെ ആവശ്യം.
സഭയിലെ പുതുമുഖങ്ങളായ രണ്ട് എംപിമാര്‍ക്കുമെതിരെ സസ്പെന്ഷന് ഉറപ്പാണ്. സ്മൃതിയോട് മാപ്പ് പറയില്ലെന്ന് പ്രതാപനും ഡീനും ആവര്‍ത്തിച്ചിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് സഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ ലോക്സഭ ഇന്ന് പ്രക്ഷുബ്ദമാകും. ഈ സമ്മേളന കാലത്ത് ടി.എന്‍. പ്രതാപനെതിരെ നേരത്തെയും സസ്പെന്ഷന് നടപടി ഉണ്ടായിട്ടുണ്ട്. ഹൈബി ഈഡനൊപ്പം നടുത്തളത്തിലിറങ്ങുകയും ട്രഷറി ബെഞ്ചിന് മുന്നില്‍ വന്ന് സ്പീക്കറുടെ കാഴ്ച മറച്ച് ബഹളമുണ്ടാക്കുകയും ചെയ്തതിനായിരുന്നു നടപടി. സസ്പെന്‍ഡ് ചെയ്തെന്ന് സ്പീക്കര്‍ അറിയിച്ചിട്ടും സഭയില്‍നിന്ന് പുറത്ത് പോവാതെ നിന്ന പ്രതാപനെയും ഹൈബിയെയും മാര്ഷലുകളെത്തിയാണ് പുറത്താക്കിയത്. ഉച്ചയ്ക്ക് ശേഷം വീണ്ടും പ്രതാപന് സഭയില്‍ കയറാന്‍ നോക്കിയിരുന്നു.
പാര്‍ലമെന്ററി നടപടിക്രമങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത കേരളത്തില്‍ നിന്നുള്ള പുതുമുഖങ്ങളായ കോണ്‍ഗ്രസ് എംപിമാര്‍ വലിയ തലവേദനയാണ് ലോക്സഭയ്ക്കുണ്ടാക്കുന്നത്. സഭാ പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച അജ്ഞതയാണ് കേരളാ എംപിമാരുടെ പ്രശ്നം. കേരള നിയമസഭയില്‍ പെരുമാറുന്നതിന് സമാനമാണ് മിക്ക എംപിമാരും ലോക്സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നത്. ഇവര്‍ക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട മുതിര്‍ന്ന അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ ഇത്തരം വിഷയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ പുതുമുഖങ്ങളായ എംപിമാര്‍ക്ക് നല്‍കാത്തതും പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: