സാങ്കേതികമായി പുരോഗമിച്ചാലൂം സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് ഓപ്പണ്‍ ഫോറം. ലോകം മുന്നേറുന്നതിനൊപ്പം ടെക്നോളജിയിലും സിനിമയുടെ നിര്‍മ്മാണത്തിലും പ്രദര്‍ശന രീതിയിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്.എങ്കിലും സിനിമ സംവിധായകന്റെ കലയാണെന്ന് ഓപ്പണ്‍ ഫോറത്തില്‍ ബംഗാളി ചലച്ചിത്ര സംവിധായകന് ഗൗതം ഘോഷ് പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ ‘ മാറുന്ന ഇന്ത്യന്‍ സിനിമ ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊബൈല്‍ ഫോണില്‍ പോലും സിനിമ നിര്‍മ്മിക്കുന്ന കാലത്ത് അതിന്റെ വിതരണം തന്നെയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകം.സ്ട്രീമിങ് പ്ലാറ്റുഫോമുകള്‍ ഇക്കാര്യത്തില്‍ ആശ്വാസമാണെന്ന് പ്രശസ്ത സാഹിത്യകാരി നന്ദിനി രാംനാഥ് പറഞ്ഞു.എന്നാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ മറ്റൊരു അരക്ഷിതാവസ്ഥയിലേക്കായിരിക്കും വിരല്‍ ചൂണ്ടുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേഖലയിലെ എല്ലാ മാറ്റങ്ങളും ശുഭാപ്തി വിശ്വാസത്തോടെ സ്വീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രുചിര്‍ ജോഷി പറഞ്ഞു. സി.എസ് വെങ്കടേശ്വരന് മോഡറേറ്റര്‍ ആയിരുന്ന ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ജയന് ചെറിയാന്, ചെലവൂര്‍ വേണു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: