തിരുവനന്തപുരം: ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനത്തെ സംഭവങ്ങളില്‍ ഇടപെടുന്നതിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച് ശുപാര്‍ശകളാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷിനെ പ്രകോപിപ്പിച്ചത്.
സംസ്ഥാന കമ്മീഷന്‍ അന്വേഷിക്കുന്ന കേസുകളില്‍ ദേശീയ കമ്മീഷന്‍ അന്വേഷണം നടത്തുന്നത് ചട്ടവിരുദ്ധമാണ്. ബത്തേരിയില്‍ ക്ലാസ് മുറിയില്‍ കുട്ടി പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിലും തിരുവനന്തപുരത്ത് കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് വാരിത്തിന്ന സംഭവത്തിലും സംസ്ഥാന കമ്മീഷന്‍ അന്വേഷണം നടത്തുകയും സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തതാണ്. അതിനു ശേഷം ദേശീയ കമ്മീഷന്‍ ഇടപെട്ടത് ശരിയല്ല. രണ്ട് സംഭവങ്ങളും സംസ്ഥാന കമ്മീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്, സുരേഷ് പറയുന്നു.
അതേസമയം, വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്ന അധ്യാപകരെ ന്യായീകരിച്ചാണ് സംസ്ഥാന കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചത്. രക്ഷാകര്‍ത്താവ് വരുന്നതു വരെ കാത്തിരുന്ന ടീച്ചര്‍മാരുടെ നടപടി ശരിയല്ലെങ്കിലും ടീച്ചര്‍മാരുടെ ഭാഗത്തു നിന്ന് വന്ന ഈ വീഴ്ചയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടികളോ ക്രിമിനല്‍ നടപടികളോ ടീച്ചര്‍മാര്‍ക്കെതിരേ എടുക്കേണ്ടതില്ലെന്നാണ് പരമാര്‍ശം. ആന്റിവെനം നല്‍കാത്ത ഡോക്റ്റര്‍, സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ റഫര്‍ ചെയ്ത ഡോക്ടര്‍ ജിഷയുടെ നടപടി ഗുരുതരമായ കൃത്യവിലോപവും കുറ്റകരവും മെഡിക്കല്‍ എത്തിക്‌സിന് എതിരുമാണ്. പരിശോധന റിപ്പോര്‍ട്ട് പ്രകാരം റിസള്‍ട്ട് പോസിറ്റീവ് ആയിട്ടും സീനിയര്‍ അഭിഭാഷകനായ അച്ഛന്‍ ആവര്‍ത്തിച്ച് ആന്റിവെനം നല്‍കാന്‍ പറഞ്ഞിട്ടും ഡോക്ടര്‍ അത് നല്‍കാതിരുന്നതിന് ന്യായീകരണമില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതിലൂടെ നാല് മണിക്കൂറെങ്കിലും ചികിത്സ വൈകിപ്പിച്ചു. അരമണിക്കൂറിനകം എത്താവുന്ന ആന്റിവെനം നല്‍കാവുന്ന ഇക്ര പോലുളള ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യാതിരുന്നതിന്റെ കാരണവും വ്യക്തമല്ല. ഇക്കാര്യത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ അനേ്വഷണം നടത്തി ഡോക്ടര്‍ക്കെതിരെ നിയമ നടപടികളും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടികളും സ്വീകരിക്കണമെന്നുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
















