നാലാം അദ്ധ്യായം നാലാം പാദം
ജഗത് വ്യാപാരാധികരണം
സൂത്രം പ്രത്യക്ഷോപദേശാദിതി ചേന്നാധികാരികമണ്ഡല സ്ഥോക്തേഃ
സ്വാരാജ്യാനുഭവം ശ്രുതി സ്പഷ്ടമായുപദേശിക്കുന്നതിനാല്‍ പൂര്‍ണ ഐശ്വര്യ പ്രാപ്തിയുണ്ടാകും എന്നാണെങ്കില്‍ അങ്ങനെയല്ല. ആധികാരികമണ്ഡലങ്ങളേയും കുറിച്ച് ശ്രുതി പറയുന്നതിനാലാണിത്.
മുക്താവസ്ഥയെ പ്രാപിച്ചയാള്‍ക്ക് സ്വതന്ത്രമായി അര്‍ഹതപ്പെട്ട ലോകങ്ങളില്‍ സഞ്ചരിക്കാനും ഭോഗങ്ങള്‍ അനുഭവിക്കാനും സ്വാതന്ത്ര്യമുണ്ടെങ്കിലും ജഗത്തിന്റെ സൃഷ്ടി മുതലായവയ്ക്ക് സാമര്‍ത്ഥ്യം ഉണ്ടാകില്ല. ഓരോ മണ്ഡലത്തിലുമുള്ള അധികാരികളെ നിശ്ചയിച്ചിട്ടുണ്ട്. അധികാര നിര്‍ണയം നടത്തുന്ന ഈശ്വരന്റെ വാസസ്ഥാനമായ സൂര്യ മണ്ഡല പ്രാപ്തിയേയും പറഞ്ഞിട്ടുണ്ട്.
തൈത്തിരീയത്തിലെ പ്നോതി മനസസ്പതിം വാക് പതിചക്ഷുഷ്പതിഃശ്രോത്രപതിര് വിജ്ഞാനപതിഃ ‘എന്ന ശ്രുതി വാക്യം ഇതിനെക്കുറിക്കുന്നു.
സൂത്രം – വികാരവര്ത്തി ച തഥാ ഹി സ്ഥിതിമാഹ
ജനനം മരണം തുടങ്ങിയ വികാരങ്ങളോട് കൂടാതെയും ഇരിക്കുന്നു. എന്തെന്നാല്‍ അങ്ങനെയാണ് മുക്താത്മാവിന്റെ സ്ഥിതി എന്ന് ശ്രുതി പറയുന്നു. സല്‍ക്കര്‍മ്മങ്ങളിലൂടെ സ്വര്‍ഗ്ഗം മുതലായ ലോകങ്ങളെ പ്രാപിക്കുന്ന കര്‍മ്മികളും മുക്ത പുരുഷനും തമ്മിലുള്ള വ്യത്യാസമെന്താണ്.
ഛാന്ദോഗ്യത്തില്‍ ‘താവാനസ്യ മഹിമാ തതോ ജ്യായാംശ്ച പൂരുഷഃ’എന്നതില്‍ ഈശ്വര സ്വരൂപ മാഹാത്മ്യം പറയുന്നു. അത് തന്നെയാണ് മുക്താത്മാവിനും. നിത്യ മുക്തവും സത്യവും ശുദ്ധവുമാണ് പരമാത്മാ സ്വരൂപം എന്ന് ശ്രുതി വര്‍ണ്ണിക്കുന്നുണ്ട്. മുക്ത പുരുഷന് തിരിച്ചുവരവില്ല. അഭേദമായ ബ്രഹ്മ സായൂജ്യം നേടാം. എന്നാല്‍ സ്വര്‍ഗ്ഗമോ മറ്റോ നേടിയ കര്മ്മിയ്ക്ക് ഭോഗങ്ങളനുഭവിച്ച ശേഷം ഭൂമിയിലേക്ക് തിരിച്ച് വരണം. ഇത് ശ്രുതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൂത്രം – ദര്ശതശ്ചൈവം പ്രത്യക്ഷാനുമാനേ
ഇങ്ങനെ ജനന മരണങ്ങളില്ലാത്ത വികാരവര്ത്തിത്വത്തെ പ്രത്യക്ഷ അനുമാനങ്ങളും ശ്രുതി സ്മൃതികളും കാണിക്കുന്നു. കഠോപനിഷത്തിലെ ‘ന തത്ര സൂര്യോ ഭാതി ന ചന്ദ്ര താരകം’ എന്ന ശ്രുതി വാക്യവും ഭഗവദ് ഗീതയിലെ ‘ന തദ്ഭാസതേ സൂേര്യാ ന ശശാങ്കോ ന പാവകഃ’ എന്ന സ്മൃതിവാക്യവും പരമാത്മാവിന്റെ ഒരു മാറ്റവുമില്ലാത്ത അവസ്ഥയെ വ്യക്തമാക്കുന്നു. മുക്തപുഷന് പിന്നെ സംസാരത്തില്‍ പെടുകയോ ജനന മരണങ്ങളിലും മറ്റും കുടുങ്ങി ഉഴലുകയോ ചെയ്യുന്നില്ല.
സൂത്രം – ഭോഗ മാത്രസാമ്യലിംഗാച്ച
ഭോഗം മാത്രമാണ് ഇവര്‍ക്ക് ഈശ്വരനോടുള്ള സാമ്യം എന്ന് ശ്രുതിയുള്ളതിനാലും. തമാഹാപോ വൈ ഖലു മീയന്തേ ലോകോ/സൗ എന്ന ശ്രുതിവാക്യം സഗുണോപാസകര്‍ക്ക് ഈശ്വരനോടുള്ള സാമ്യം ഭോഗം മാത്രമാണെന്ന് കാണിക്കുന്നു. ബ്രഹ്മലോകത്ത് പല സുഖഭോഗങ്ങളുമുണ്ടെങ്കിലും അത് ബ്രഹ്മദേവനെ കുഴപ്പിക്കുന്നില്ല. അതുപോലെ തന്നെയാണ് മുക്തപുരുഷനും. ശരീര സംബന്ധമില്ലാതെയും സുഖദുഃഖാദി ഭാവങ്ങളില്ലാതെയുമാണ് ഭോഗങ്ങള്‍ അനുഭവിക്കുന്നത്. അതിനാല്‍ തന്നെ വീണ്ടും സംസാരത്തിലേക്ക് തിരിച്ചു വരേണ്ട.
സൂത്രം – അനാവൃത്തിര ശബ്ദാദനാവൃത്തിഃ ശബ്ദാത്
ആവൃത്തിയില്ല എന്ന ശ്രുതി ഉള്ളതുകൊണ്ട്. ദേവയാന മാര്‍ഗ്ഗത്തിലൂടെ ബ്രഹ്മലോകത്ത് എത്തിയവര്‍ ഒരിക്കലും മടങ്ങുന്നില്ല. സമ്യക് ദര്‍ശനത്തിലൂടെ അജ്ഞാനം ആകെ നശിച്ച് നിത്യമായ കൈവല്യത്തെ പ്രാപിക്കുന്നവര്‍ക്ക് പുനരാവൃത്തിയില്ലെന്ന് ശ്രുതി വ്യക്തമാക്കുന്നു.
‘തേഷാം ന പുനരാവൃത്തി’ എന്ന് ബൃഹദാരണ്യക ത്തിലേയും ‘ഏതേന പ്രതിപദ്യമാനാ ഇമം മാനവമാവര്ത്തം നാവര്ത്തന്തേ’ എന്ന് ഛാന്ദോഗ്യത്തിലെയും ശ്രുതി വാക്യങ്ങള്‍ ആണയിടുന്നു. അനാവൃത്തി ശബ്ദം രണ്ട് തവണ പറഞ്ഞത് ബ്രഹ്മസൂത്രത്തിന്റെ സമാപനത്തെ കാണിക്കാനാണ്.ബ്രഹ്മസൂത്രം സമാപിച്ചു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: