കൊച്ചി: സംസ്ഥാന ഭരണത്തില്‍ മതന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമുള്ള മുസ്ലിങ്ങള്‍ക്ക് അധിക പരിഗണന കിട്ടുന്നുവെന്ന് കത്തോലിക്കാ സഭാ കൗണ്‍സില്‍. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍ക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സാമൂഹിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് കൗണ്‍സിലിന്റെ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം പ്രസ്താവിച്ചു. ‘പീഡന ജിഹാദുകളിലൂടെ ക്രൈസ്തവ കുടുംബങ്ങളെ തകര്‍ക്കാന്‍ ഇസ്ലാമിക ഭീകരര്‍ ശ്രമിക്കുന്നു’വെന്ന് കഴിഞ്ഞ ദിവസം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസ്താവിച്ചതിനു പിന്നാലെ, കേരളത്തില്‍ സഭയ്ക്കെതിരേ ‘വര്‍ഗീയ ശക്തികള്‍’ പ്രവര്‍ത്തിക്കുന്നുവെന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളില്‍ കേരളത്തില്‍ പ്രബലം മുസ്ലിങ്ങളാണ്. അവര്‍ക്ക് അധിക പരിഗണന കിട്ടുന്നു എന്നാണ് ആക്ഷേപം. അത് സഭ തള്ളിക്കളയുന്നില്ല. ‘ജിഹാദിപീഡനം’ എന്ന് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വളരെ കൃത്യമായി പറഞ്ഞു. ഞങ്ങള്‍ ‘വര്‍ഗീയ ശക്തികള്‍’ എന്നു പറഞ്ഞുവെന്നേ ഉള്ളൂ, ചോദ്യങ്ങള്‍ക്ക് മറുപടിയായി പുതിയ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ഇപ്പോള്‍ നടക്കുന്ന പദ്ധതികള്‍ തീര്‍ത്തും ഏകപക്ഷീയവും സാമൂഹ്യനീതിക്ക് വിരുദ്ധവുമാണ്, അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിലെ ചില വകുപ്പുകളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ വഴിവിട്ട ഇടപെടലുകളും തെറ്റായ സ്വാധീനങ്ങളും ചൂണ്ടിക്കാണിച്ചിട്ടും തുടരുന്നുവെന്നും വിശദീകരിച്ചു. ഇന്നലെ സ്ഥാനമൊഴിഞ്ഞ ഡോ. സൂസെപാക്യവും പുതിയ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വലിയ സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന ആരോപണം തീര്‍ത്തും അവഗണിക്കാവുന്നതല്ല. ദുര്‍ബലര്‍ അവഗണിക്കപ്പെടുക മാത്രമല്ല, കൂടുതല്‍ ഞെരുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആ രംഗത്ത് നിലവിലുള്ളതെന്നു കണ്ണുതുറന്ന് കാണാന്‍ ഭരണാധികാരികള്‍ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യണമെന്ന് പ്രസ്താവന പറയുന്നു.
ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ പോകുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ശരിവെച്ച് ആലഞ്ചേരി പറഞ്ഞു. വിദ്യാഭ്യാസരംഗം രാഷ്ട്രീയവല്‍ക്കരിക്കാന്‍ നിയമം നിര്‍മിക്കാന്‍ പോകുന്നതില്‍ കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രിന്‍സിപ്പാള്‍മാരുടെയും മാനേജര്‍മാരുടെയും അവകാശങ്ങള്‍ കൈയടക്കാനുള്ള നീക്കം കുട്ടികളുടെ ഭാവി തകര്‍ക്കുമെന്ന് വിലയിരുത്തി.
ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനെ നിയമിക്കണം. ആംഗ്ലോ ഇന്ത്യന്‍ ലോക്സഭകളിലും നിയമസഭകളിലും നിലര്നിര്ത്തണം. ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം പരിഹരിക്കാന്‍ ക്രിസ്തീയമായും ശ്രമം നടത്തണം. 2020 പ്രേഷിത വര്‍ഷമായി ആചരിക്കാനും കെസിബിസി തീരുമാനിച്ചു.
കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനും സമിതിയും മാറും. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള ഡോ. സൂസെപാക്യമായിരുന്നു ഇതുവരെ. കോഴിക്കോട് രൂപത അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് വൈസ് പ്രസിഡന്റ്. ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സെക്രട്ടറി ജനറലുമായി.
സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ പെട്ട് കേസുകളില്‍ പ്രതിയായി അന്വേഷണവും കോടതി നടപടികളും നേരിടുന്ന ആലഞ്ചേരിയെ അധ്യക്ഷനാക്കുക വഴി കെസിബിസി കേരള സമൂഹത്തിന് വലിയ ദുര്‍മാതൃകയാണ് നല്‍കിയതെന്ന് സഭാ സുതാര്യ സമിതി കുറ്റപ്പെടുത്തി.
പതിനാറ് ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായി, നാലുകേസുകളില്‍ വിചാരണ നേരിടുന്ന ഒരു വ്യക്തിയെ പ്രസിഡന്റാക്കുക വഴി കേരള കത്തോലിക്കാ സഭയെ മുഴുവനും പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യമാക്കുകയാണ് കെസിബിസി ചെയ്തിരിക്കുന്നതെന്ന് സഭാ സുതാര്യ സമിതി പ്രസ്താവിച്ചു. ഇതുവരെ കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമികുംഭകോണത്തിന്റെ പാപഭാരം സിറോ മലബാര്‍ സഭയ്ക്ക് മാത്രം ആയിരുന്നെങ്കില്‍ ഇന്ന് മുതല്‍ അത് കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ സഭയ്ക്കും ആയിരിക്കുന്നു. നാളെ മുതല്‍ പുതിയ കേസുകള്‍ കോടതിയിലോ പോലീസിന്റെ മുന്നിലോ എത്തുമ്പോള്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ആലഞ്ചേരി എന്നായിരിക്കും പറയുന്നത്. ഇത്രമാത്രം ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയെ തന്നെ പ്രസിഡന്റ് ആക്കാനുള്ള കെസിബിസിയുടെ തീരുമാനം കേരളത്തിലെ മുഴുവന്‍ വിശ്വാസികളോടുമുള്ള വെല്ലുവിളി കൂടിയാണെന്ന് സഭ സുതാര്യ സമിതി (എഎംടി) വിലയിരുത്തി. കാരണം ഞങ്ങള്‍ ഒന്നാണ്, ഞങ്ങള്‍ എന്തും ചെയ്യും, ആരു ചോദ്യം ചെയ്താലും കേസ് കൊടുത്താലും ഞങ്ങള്‍ അതിനു പുല്ലുവില നല്‍കില്ല എന്നാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോയെ പ്രസിഡന്റ് ആക്കിയും ഭാര്യയും കുട്ടികളും ഉണ്ടെന്ന് സമ്മതിച്ച കടപ്പ ബിഷപ്പിനെ സെക്രട്ടറിയാക്കിയും തെരഞ്ഞെടുത്ത് നാളെ ഇവര്‍ തന്നെ വിശ്വാസികളെ വീണ്ടും അപഹാസ്യരാക്കുമെന്ന് എഎംടി യോഗം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: