ആലപ്പുഴ: ഏറെ കോളിളക്കം സൃഷ്ടിച്ച തങ്ങള്‍കുഞ്ഞ് കസ്റ്റഡി മരണക്കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുദ്യോഗസ്ഥരെയും വെറുതെ വിട്ട് എറണാകുളം സിബിഐ കോടതി ഉത്തരവായി. മുന്‍ എസ്‌ഐ മാവേലിക്കര പള്ളിക്കല്‍ കാട്ടുതലയ്‌ക്കല്‍ ജോണ്‍ വര്‍ഗീസ്, മുന്‍ സീനിയര്‍ സിപിഒമാരായിരുന്ന മണ്ണഞ്ചേരി വട്ടത്തറ വി.സി. പ്രദീപ് കുമാര്‍, ചാരമംഗലം പടിഞ്ഞാത്തേകുറ്റിയില്‍ എം. പ്രദീപ് കുമാര്‍, വള്ളികുന്നം കടുവിനാല്‍ അജിഭവനില്‍ പി.വി. സുഭാഷ്, ചേര്‍ത്തല സ്വദേശി ഗോപിനാഥ പ്രഭു എന്നിവരായിരുന്നു പ്രതികള്‍. ഇതില്‍ ഒരാളൊഴികെ എല്ലാവരും സര്‍വീസില്‍നിന്ന് വിരമിച്ചു.
പബ്ലിക് റിലേഷന്‍സ് വകുപ്പില്‍നിന്നു വിരമിച്ച പുന്നപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തൂക്കുകുളം ദര്‍ശനയില്‍ തങ്ങള്‍കുഞ്ഞി (60)നെ 1998 ആഗസ്ത് എട്ടിനു നെഹ്‌റുട്രോഫി ജലോത്സവ നാളില്‍ രാത്രിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പത്തരയോടെ വീട്ടില്‍നിന്നു വിളിച്ചിറക്കി ഭാര്യ ഡോ. രാധാമണിയുടെയും കൗമാരപ്രായക്കാരായ മക്കള്‍ ബിനോജിന്റെയും സിനിതയുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ച് ജീപ്പിലിട്ടു കൊണ്ടുപോവുകയായിരുന്നു. പിന്നീട് മുക്കാല്‍ മണിക്കൂറിനുശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിക്കുകയായിരുന്നു.
ഭാര്യ വീട്ടുകാരുമായി ഉണ്ടായിരുന്ന ഓഹരി തര്‍ക്കത്തിന്റെ പേരിലായിരുന്നു പോലീസ് തേര്‍വാഴ്ച. തങ്ങളുടെ അധികാര പരിധിയില്‍പ്പെടാത്ത പുന്നപ്ര സ്‌റ്റേഷന്റെ പരിധിയിലുള്ള സ്ഥലത്ത് കടന്നുകയറിയായിരുന്നു സൗത്ത് പോലീസ് നടപടി. രാധാമണിയുടെ തിരുവമ്പാടിയിലുള്ള ഓഹരി ഭൂമി കുറഞ്ഞ വിലയ്‌ക്കു തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നു. ഇതു വിജയിക്കാതിരുന്നതോടെ തങ്ങള്‍കുഞ്ഞിനെ കേസില്‍പ്പെടുത്തി സമ്മര്‍ദം ചെലുത്തി ഭൂമി തട്ടിയെടുക്കുകയായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യമെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെത്തുടര്‍ന്ന് 2005ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. പോലീസ് അസോസിയേഷനും പോലീസ് ഉദ്യോഗസ്ഥരും പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നിരുന്നു. 70 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഇതില്‍ ഒരാള്‍ മാത്രമാണ് കൂറുമാറിയത്. സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് തങ്ങള്‍കുഞ്ഞിന്റെ മകന്‍ ബിനോജ് പറഞ്ഞു.
















