കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് അദ്ധ്യാപകന്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാന്‍ ഉത്തരവ്. കേന്ദ്രസര്‍വ്വകലാശലയില്‍ കെമിസ്ട്രി വിഭാഗം തലവനും, സര്‍വ്വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ പ്രൊഫ. പ്രതാപചന്ദ്ര കുറുപ്പിനോടാണ് 12,49,107 രൂപ തിരിച്ചടക്കാന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ചതിനു ശേഷം 2017 മാര്‍ച്ച് 30നാണ് കേന്ദ്രസര്‍വ്വകലാശാലയില്‍ പ്രതാചന്ദ്രന്‍ കെമിസ്ട്രി വിഭാഗം പ്രൊഫസറായി നിയമിതനാകുന്നത്. കൊച്ചി സര്‍വ്വകലാശാലയില്‍ നിന്നും പെന്‍ഷനും ഡിഎയും കൈപ്പറ്റുന്നുണ്ടെന്ന് സര്‍വ്വകലാശാല നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് നിയമലംഘനമാണെന്നും പുനര്‍നിയമനം ലഭിച്ചവര്‍ പെന്‍ഷനോടൊപ്പം ഡിഎ വാങ്ങാന്‍ യോഗ്യരല്ലെന്ന് 2018 ജൂണ്‍ 19ന് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നല്‍കിയിരുന്നു. ഈ ഉത്തരവ് മാനിക്കാതെ 2019 ആഗസ്റ്റ് 31 വരെ പ്രതാപചന്ദ്രകുറുപ്പ് 19,49,107 രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് വിവരാവകാശ രേഖയില്‍ വെളിപ്പെടുത്തുന്നു. സെപ്തംബര്‍ മാസത്തില്‍ പ്രതാപചന്ദ്രകുറുപ്പിന്റെ ശമ്പളബില്ലിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പകര്‍പ്പ് ലഭ്യമാക്കുന്നതിനു മുമ്പുതന്നെ പണം തിരിച്ചടക്കാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു.
കേരളത്തിലെ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ചതിനു ശേഷം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് പുനര്‍നിയമനം വാങ്ങുകയും തുടര്‍ന്ന് ലക്ഷങ്ങള്‍ ശമ്പളമായി കൈപ്പറ്റുകയും ചെയ്തു. സമാനമായ രീതിയില്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപകുമാര്‍ പണം കൈപ്പറ്റിയിരുന്നു. ഇതിനെതിരെ പരാതി വന്നപ്പോഴാണ് 17 ലക്ഷത്തോളം രൂപ കേരള സര്‍വ്വകലാശാലയില്‍ തിരിച്ചടച്ചത്. അനധികൃതമായി പണം കൈപ്പറ്റുകയും പരാതി വരുമ്പോള്‍ മാത്രം തിരിച്ചടക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തുന്നത് ക്രിമിനല്‍ കുറ്റമായിരുന്നിട്ടും യാതൊരു നടപടിയുമെടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
യൂണിവേഴ്സ്റ്റിക്കെതിരെ ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ അത് അന്വേഷിക്കാനുള്ള സമിതിയംഗത്തിലൊരാളാണ് പ്രതാപചന്ദ്ര കുറുപ്പ്. അദ്ദേഹം തന്നെ തിരിമറി നടത്തിയത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
















