വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടു കൊന്ന പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ പോലീസ് നടപടിയെ അനുകൂലിച്ച് രാജ്യമൊട്ടാകെ പ്രതികരിക്കുമ്പോള്‍ സിനിമാതാരങ്ങളും ഇതിനെ പിന്‍താങ്ങുന്നു. ഹൈദരാബാദില്‍ നിന്ന് നടി സാമന്തയും അല്ലു അര്‍ജുനുമുള്‍പ്പെടെ നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്.
നീതി നടപ്പിലായെന്ന് നടന്‍ ജൂനിയര്‍ എന്‍ടിആറും അല്ലു അര്‍ജുനും ട്വീറ്റ് ചെയ്തപ്പോള്‍, ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോള്‍ ഒരേയൊരു പരിഹാരമെന്നും നടി സാമന്ത ട്വീറ്റ് ചെയ്തു. കുറ്റവാളികള്‍ക്ക് അര്‍ഹിച്ച വിധി നടപ്പിലാക്കിയ പോലീസിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് തെലുങ്കു നടന്‍ കാര്‍ത്തികേയ സമുഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. നടി അനസൂയ ഭരദ്വാജും പോലീസിനു അഭിനന്ദനം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഈ വാര്‍ത്ത കേട്ടുകൊണ്ടാണ് താന്‍ ഉറക്കമെഴുന്നേറ്റതെന്നും നീതി നടപ്പിലായെന്നും നാഗാര്‍ജുനയും ട്വീറ്റ് ചെയ്തു.

ബിജെപി നേതാവ് കപില്‍ മിശ്രയും പോലീസ് നടപടിയെ പിന്തുണച്ചു. യുവതിയെ ബലാത്സംഗം ചെയ്തശേഷം തീവച്ചുകൊന്ന കേസിലെ പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് ഹൈദരാബാദ് പോലീസ് വെടിവച്ചുകൊന്നത്.
ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. പ്രതികള്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനിടെ ഇവര്‍ പോലീസിനെ ആക്രമിച്ചതായും വിവരമുണ്ട്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

















