തൃശൂര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും മാധ്യമങ്ങള്‍ അച്ചടക്കം പാലിക്കുകയോ തിരുത്തലിനു തയാറാവുകയോ ചെയ്യാത്തത് സമൂഹത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ചലച്ചിത്ര സംവിധായിക ലീന മണിമേഖല. ബാല്യം മുതല്‍ സ്വന്തം കുടുംബത്തില്‍ നിന്നു തുടങ്ങുന്ന ദുരനുഭവങ്ങളാണ് തൊഴിലിടങ്ങളില്‍ വരെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ മാധ്യമപ്രവര്‍ത്തക സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ദുരനുഭവങ്ങള്‍ തുറന്നു പറയുകയോ പ്രതികരിക്കുകയോ ചെയ്തവരെ തെറ്റുകാരാക്കുകയും സ്വന്തമായ നിലപാടുള്ളവരെ എന്നും മോശക്കാരായി കാണുകയുമാണ് സമൂഹം. ഗൗരി ലങ്കേഷ്, മാലിനി സുബ്രഹ്മണ്യം, റാണാ അയൂബ് തുടങ്ങിയ വനിതാ ജേര്‍ണലിസ്റ്റുകള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തന്നെ സ്ത്രീകളോടുള്ള സമീപനത്തിന്റെ ഉദാഹരണങ്ങളാണ്. ഇന്നലെ പ്രസ്‌ക്ലബ്ബ് എം.ആര്‍. നായര്‍ മീഡിയാ ഹാളില്‍ നടന്ന സെമിനാറില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയമായിരുന്നു ചര്‍ച്ച ചെയ്തത്. എന്‍. സുസ്മിത മോഡറേറ്ററായി.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ പാട്ടത്തില്‍ ധന്യ മേനോന്‍, മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്‍, സംവിധായിക വിധു വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. സൈബര്‍ ക്രൈമിന്റെ വിവിധ തലങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് പാട്ടത്തില്‍ ധന്യ മേനോന്‍ മറുപടി പറഞ്ഞു. ലീന മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററി മൈ സ്റ്റോറി ഈസ് യുവര്‍ സ്റ്റോറിയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. വനിതാ സംഗമം കണ്‍വീനര്‍ രമ തമ്പായി സ്വാഗതവും ജോയന്റ് കണ്‍വീനര്‍ അനുശ്രീ നന്ദിയും പറഞ്ഞു.
















