കൊല്ലം: എബിവിപിയുടെ 35-ാം സംസ്ഥാന സമ്മേളനം 7, 8 തീയതികളില്‍ കൊല്ലത്ത് സംഘടിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം ആനന്ദവല്ലീശ്വരം വിദ്യാധിരാജ എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ ഒരുക്കുന്ന വേലുത്തമ്പി നഗറാണ് സമ്മേളന വേദി.
ഏഴിന് രാവിലെ 8.30ന് ജനറല്‍ കൗണ്‍സില്‍ ചേരും. 10ന് ദേശീയതയുടെ പോരാട്ടം, യുവകേരളം നയിക്കട്ടെ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സമ്മേളനത്തിന് കൊടിയേറും. 11ന് എബിവിപി മുന്‍ അഖിലേന്ത്യാ സെക്രട്ടറി സുനില്‍ അംബേദ്കര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന വിദ്യാര്‍ഥി റാലി ചിന്നക്കട വഴി നഗരം ചുറ്റി ക്യുഎസി മൈതാനത്ത് എത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ സഹസംഘടന സെക്രട്ടറി ജി. ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യും.
എട്ടിന് രാവിലെ പ്രമേയാവതരണവും ചര്‍ച്ചയും. വൈകിട്ട് അഞ്ചിന് സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഹൈസ്‌കൂള്‍ ജങ്ഷനില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ എസ്എന്‍ കോളേജിലെ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. എസ്.വൈ. ഗംഗയാണ് സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍. അഡ്വ. ആര്‍. രാജേന്ദ്രന്‍ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി. അഡ്വ. എച്ച്. സുജിത്ചന്ദ്രനാണ് ജനറല്‍ കണ്‍വീനര്‍. ഗതാഗതം, ഭക്ഷണം, താമസം, പബ്ലിസിറ്റി, വനിതാവിഭാഗം തുടങ്ങി വിവിധ സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.എബിവിപി കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ്. കാര്‍ത്തിക്, കൊല്ലം മഹാനഗര്‍ സെക്രട്ടറി ആതിര വിജയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















