അമ്പലപ്പുഴ: ആനന്ദേശ്വരം ഗവ. എല്‍പി സ്‌കൂളില്‍ പിഞ്ചുകുട്ടികള്‍ പഠിക്കുന്നത് ചോ ര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍. കെട്ടിടം ഏതുസമയത്തും നിലംപൊത്താമെന്ന നിലയിലാണ്. ദേശീയപാതയുടെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പുറക്കാട് ആനന്ദേശ്വരം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വിദ്യാലയത്തില്‍ പഠനം നടത്തുന്നത്.
നൂറു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള സ്‌കൂളിനെ സര്‍ക്കാര്‍ അവഗണിച്ചതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്‌ക്കു കാരണം. സുനാമി ഫണ്ട് ഉപയോഗിച്ച് ഇതിനു സമീപത്തു മറ്റൊരു കെട്ടിടം നിര്‍മിച്ചിട്ടും കുട്ടികള്‍ പഠനം നടത്തുന്ന പഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടം പുതുക്കി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇപ്പോള്‍ കെട്ടിടത്തിന്റെ കാലപ്പഴക്കത്താല്‍ ഓടുകള്‍ പൊട്ടിയും തടികള്‍ നശിച്ചും മഴക്കാലമാകുമ്പോള്‍ ചോര്‍ന്നൊലിച്ചും പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പഠനസമയത്ത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
നിലവില്‍ മഴവെള്ളം വീഴാതിരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍ ടാര്‍പാളിന്‍ വിരിച്ചാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും സിപിഎം അനുകൂല പിടിഎ ഭാരവാഹികള്‍ സ്‌കൂളിന്റെ ശോച്യാവസ്ഥ ഗൗരവമായി കാണാന്‍ തയാറായിട്ടില്ല.
ഇത്രയേറെ അപകടം നിറഞ്ഞ മുറികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ അനുമതി നല്‍കിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു.
















