കൊച്ചി: കോതമംഗലം ചെറിയ പള്ളി ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് വിട്ടു നല്‍കാനാവില്ലെന്ന് യാക്കോബായ സഭ. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി കളക്ടറോട് ഏറ്റെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരം നടത്താനും യാക്കോബായ സമൂഹം തീരുമാനിച്ചിട്ടുണ്ട്.
ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരമാണ് തുടങ്ങുന്നത്. വിവിധ മത, സാമൂഹ്യ സംഘടനകള്‍ ഉള്‍പ്പെട്ട മതമൈത്രി സംരക്ഷണ സമിതികളുടെ പിന്തുണയിലാണ് സംമരം ആരംഭിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ അനിശ്ചിത കാല രാപ്പകല്‍ സമരമാണ്. മതവിഭാഗങ്ങളിലെ നേതാക്കള്‍, വിദ്യാര്‍ത്ഥി, യുവജന കൂട്ടായ്മകള്‍, രാഷ്ട്രീയ നേതാക്കള്‍, മര്‍ച്ചന്റ് അസോസിയേഷന്, ഓട്ടോറിക്ഷ ബസ് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
എന്നാല്‍ കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കാന്‍ എറണാകുളം കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. യാക്കോബായ വിശ്വാസികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചശേഷം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുമായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
















