തിരുവനന്തപുരം: പഠനം കഴിഞ്ഞിട്ടും സര്‍വ്വകലാശാല ഹോസ്റ്റല്‍ താവളമാക്കുന്ന എസ്എഫ്‌ഐ നേതാക്കളെ പുറത്താക്കും. ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ഏട്ടപ്പന്‍ എന്ന് വിളിക്കുന്ന എസ്എഫ്‌ഐ നേതാവ് മര്‍ദ്ദിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും എസ്എഫ്‌ഐ നേതാക്കളില്‍ ചിലര്‍ സര്‍വ്വകലാശാല ഹോസ്റ്റലില്‍ തങ്ങുന്നതായും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഹോസ്റ്റല്‍ സ്ഥിരം താവളമാക്കുന്ന മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ അടക്കമുള്ളവരെ പുറത്താക്കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ഡന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏട്ടപ്പന്‍ എന്ന വിളിപ്പേരുള്ള മഹേഷ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ നിധിന്‍രാജിനെതിരെ കൊലവിളി നടത്തിയത് വിവാദമായിരുന്നു. ഭീഷണിക്ക് പിന്നാലെ നിധിനെ മര്‍ദ്ദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായിരുന്ന മഹേഷ് 12 വര്‍ഷമായി ഹോസ്റ്റലിലാണ് താമസം.
ഹോസ്റ്റലിന്റേയും കോളേജിലെയും കാര്യങ്ങളൊക്ക നിയന്ത്രിക്കുന്നത് മഹേഷ് അടക്കമുള്ള മുന്‍നേതാക്കളാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മഹേഷ് ഇടക്ക് ഹോസ്റ്റലില്‍ വരുന്നുണ്ടെന്ന് മാത്രമാണ് വാര്‍ഡന്‍ ഡയറക്ടര്‍ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 313 വിദ്യാര്‍ത്ഥികളാണ് സ്ഥിരതാമസക്കാരെന്നും റിപ്പോര്‍ട്ടിലുണ്ട്. മഹേഷിനെ ഇതുവരെ പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇക്കാര്യങ്ങള്‍ മറച്ചുവെയ്‌ക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളുടെ അക്രമ വാസനയും ഗുണ്ടാപ്രവര്‍ത്തനങ്ങളും പുറത്തുവന്നിരുന്നു. അതിനു പിന്നാലെ പരീക്ഷാ വിവാദവും കോളേജ് ക്യാമ്പസില്‍ ഇവര്‍ നടത്തി വരുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കോളേജ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. അതിനു പിന്നാലെയാണ് ഏട്ടപ്പന്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതും പുറത്തുവന്നിരിക്കുന്നത്.
















