ശബരിമല: ശ്രീകോവിലിനുള്ളിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്. ഇതിനു പുറമെ സമൂഹ മാധ്യമങ്ങളില്‍ ശബരിമലയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്ക് എതിരെയും നടപടിയെടുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അരവണയില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടത്തിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്നും ബോര്‍ഡ് അറിയിച്ചു.
ശ്രീകോവിലിനുള്ളിലെ അയ്യപ്പ വിഗ്രഹം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് ദേവസ്വം ബോര്‍ഡ് കടന്നത്. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെയും നിരോധനം ഉണ്ടായിരുന്നെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പലരും പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ക്കുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
രണ്ടു ദിവസം മുമ്പാണ് ഇതു സംബന്ധിച്ച തീരുമാനം ദേവസ്വം ബോര്‍ഡെടുത്തത്. ആദ്യഘട്ടത്തില്‍ നിരോധനം ലംഘിക്കുന്നവരുടെ ഫോണുകളില്‍ നിന്ന് ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും അടുത്ത ഘട്ടത്തില്‍ ഫോണ്‍ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്‌ക്ക് നീങ്ങുമെന്നാണ് ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
















