തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ നിയമ വിരുദ്ധമായി ഇടപെട്ട് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടി തെറ്റാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഗവര്‍ണറുടെ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തോറ്റ വിദ്യാര്‍ത്ഥിക്കായി നിയമത്തെ മറികടന്ന് ഉത്തരക്കടലാസ് വീണ്ടും പുനപരിശോധന നടത്താന്‍ ഉത്തരവിടുകയും, വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുകയും ചെയ്ത നടപടി തെറ്റാണ് സര്‍വ്വകലാശാല ഇത് തിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് ഇത്തരത്തില്‍ ചീത്തപ്പേരുകള്‍ ഇനി ആവര്‍ത്തിക്കരുത്. ചട്ടവിരുദ്ധമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിയമ വിരുദ്ധമായി വീണ്ടും പുനപരിശോധിക്കാന്‍ സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. വിവാദമായ സാഹചര്യത്തില്‍ സാങ്കേതിക സര്‍വ്വകലാശാല ഈ ഉത്തരവിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. ഈ വിവാദം ഇവിടെ അവസാനിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിനുള്ള അന്തസ്സും വിശ്വാസ്യതയും തകരാന്‍ താന്‍ സമ്മതിക്കില്ലെന്നും ആരിഫ് മുഹമ്മദ് അറിയിച്ചു.
16ന് കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിദ്യഭ്യാസരംഗത്ത് കേരളം രാജ്യത്ത് നമ്പര്‍ വണ്‍ ആണ്. ആ വിശ്വാസ്യതയും അന്തസും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. അത് തനിക്ക് മാത്രമല്ല വൈസ് ചാന്‍സലര്‍മാര്‍ക്കുമുണ്ട്.
രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒന്നാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മോഡല്‍. അതിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണെന്നു ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
നിയമ വിരുദ്ധ ഇടപെടലില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കെ.ടി. ജലീല്‍ മന്ത്രി പദവി ദുരുപയോഗം ചെയ്തതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തുകളും അതിലെ മാര്‍ക്ക് ദാനത്തിനുള്ള തീരുമാനങ്ങളും നേരത്തെ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. എംജി, കേരള സര്‍വ്വകലാശാലകളിലും സമാന സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റ പശ്ചാത്തലത്തിലാണ് ഗര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
















