തിരുവനന്തപുരം: കാറില്‍ സഞ്ചരിച്ച എഡിജിപിക്ക് സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് 20 ഓളം പോലീസുകാര്‍ക്ക് ശിക്ഷയായി പരേഡ് ചെയ്യാന്‍ ഉത്തരവ്. രാജ്ഭവന് മുന്നില്‍ സുരക്ഷയ്‌ക്കായി നിയോഗിച്ച പോലീസുകാര്‍ക്കെതിരെയാണ് ഈ നടപടി. ഡ്യൂട്ടിക്കിടയില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ എഡിജിപി ഷെയ്ഖ് ദര്‍വേഷ് ഇതിലൂടെ കടന്ന് പോയിരുന്നു. ആസമയക്ക് ഇവര്‍ ഉന്നത ഉദ്യോഗസ്ഥനെ ബഹുമാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
രാജ്ഭവന് മുന്നില്‍ സമരക്കാരെ തടയാന്‍ നിയോഗിച്ചിരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലീസുകാര്‍ക്കാണ് മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. 7 ദിവസത്തേക്കാണ് ശിക്ഷാനടപടി. എഡിജിപി കടന്നുപോയ ഉടന്‍ ഇരുപത് പോലീസുകാരോടും ഡ്യൂട്ടി കഴിഞ്ഞയുടന്‍ ഹാജരാകാന്‍ ബറ്റാലിയന്‍ ഡിഐജി പി പ്രകാശ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന കാരണത്താല്‍ പൊലീസുകാര്‍ രൂക്ഷമായി ശാസിച്ച ശേഷം ശിക്ഷാപരേഡിന് നിര്‍ദ്ദേശിച്ചു.
എന്നാല്‍ രാജ് ഭവന്‍ ഡ്യൂട്ടിക്കിടെ തലയില്‍ തൊപ്പി ഇല്ലാതിരുന്നതും ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാനിക്കാതിരുന്നതുമാണ് നടപടിക്ക് കാരണമെന്നാണ് പോലീസ് അധികൃതര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
അതേസമയം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വിശ്രമം പോലും നല്‍കാതെയാണ് പോലീസുകാരെ രാജ്ഭവന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇവര്‍ക്കാണ് ഇപ്പോള്‍ ശിക്ഷിക്കുന്നതും. ഔദ്യോഗിക വാഹനങ്ങളില്‍ മിക്കതിനും കൂളിങ് ഫിലിം ഒട്ടിച്ചിട്ടുള്ളതിനാല്‍ അകത്ത് ആരാണ് ഉള്ളതെന്ന് പോലീസുകാര്‍ക്ക് തന്നെ പലപ്പോഴും മനസ്സിലാകാറില്ല. ഇതാണ് കഴിഞ്ഞ ദിവസവും സംഭവിച്ചതെന്നും ശിക്ഷ ലഭിച്ചവര്‍ അറിയിച്ചു.
















