തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ടതായി റിപ്പോര്‍ട്ട്. തോറ്റ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനായി മന്ത്രി ഇടപെടല്‍ നടന്നതായുള്ള ആരോപണം ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഗവര്‍ണറുടെ ഓഫീസാണ് ഇതുസംബന്ധിച്ച് അറിയിച്ചിരിക്കുന്നത്.
കൊല്ലം ടികെഎമ്മിലെ മെക്കാനിക്കല്‍ എഞ്ചീയറിങ് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി മന്ത്രി വഴിവിട്ട് സഹായം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി മന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയതായി ഗവര്‍ണറുടെ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നടപടിക്കായി ഇത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദിന്റെ പരിഗണനയിലാണ്. എന്നാല്‍ മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന് സര്‍വ്വകലാശാല അധികൃതര്‍ വിശദീകരണം നല്‍കിയെങ്കിലും സെക്രട്ടറി അത് തള്ളി. ഇതുസംബന്ധിച്ച് മന്ത്രിക്കെതിരെ ഗവര്‍ണര്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
ആരോപിതനായ വിദ്യാര്‍ത്ഥി അഞ്ചാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് തോറ്റ് പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിച്ചു. ഇതിലും തോറ്റപ്പോള്‍ വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താന്‍ ആവശ്യപ്പെട്ടു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സര്‍വ്വകലാശാല അപേക്ഷ തള്ളിയതോടെ വിദ്യാര്‍ത്ഥി മന്ത്രിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് 2018 ഫെബ്രുവരി 28 ന് മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ ഈ വിഷയം പ്രത്യേക കേസായി എടുത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദ്ദേശിക്കുകയും പുനര്‍മൂല്യ നിര്‍ണയത്തില്‍ വിദ്യാര്‍ത്ഥി ബിടക് പാസാവുകയും ചെയ്തു. സംഭവം പുറത്തായതോടെ ജലീലിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും മാനുഷിക പരിഗണനയിലാണ് നല്‍കിയതെന്ന വാദത്തില്‍ മന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു.
















