ന്യൂദല്‍ഹി: തിരുവനന്തപുരം കൈതമുക്കില്‍, ഭക്ഷണമില്ലാത്തതിനാല്‍, കുട്ടികള്‍ മണ്ണുവാരിത്തിന്ന സംഭവത്തില്‍ സര്‍ക്കാരിന്റെ വീഴ്ച തുറന്നുപറഞ്ഞ് ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ. ഇത്തരം കുട്ടികള്‍ കേരളത്തില്‍ ഇനിയുമുണ്ടെന്ന് ദല്‍ഹി കേരളാ ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. ദരിദ്രരായിട്ടുള്ള നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഇത് നിഷേധിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാകും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസന കാര്യത്തില്‍ കേരളം മുന്നിലാണെന്നും മന്ത്രി അവകാശപ്പെട്ടു.
ലൈഫ്മിഷന്‍, തണല്‍ തുടങ്ങിയ പദ്ധതികളിലൂടെ നിരവധി കുട്ടികളെ ദുരിത സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ശൈലജ കുറ്റപ്പെടുത്തി. എല്ലായിടത്തെയും പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അറിയുന്നില്ല. സഹായം ആവശ്യമുള്ള കുട്ടികളുടെ സര്‍വ്വെ തുടരുകയാണ്. തിരുവനന്തപുരത്തെ കുടുംബത്തിന് ലൈഫ് മിഷനില്‍ അപേക്ഷിച്ചിട്ട് സഹായം കിട്ടിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് പരിശോധിക്കുമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പദ്ധതി മോശമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളുടെ വീഴ്ച പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ശൈലജ ദല്‍ഹിയിലെത്തിയത്. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് മന്ത്രിയും സാമൂഹ്യ നീതി സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും പുരസ്‌കാരം ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് മന്ത്രി പറഞ്ഞു.
















