സിയോള്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊറിയയിലെത്തി. വിദേശ ടൂറിന്റെ ഭാഗമായാണ് പിണറായി കൊറിയയില്‍ എത്തിയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ തുറമുഖമായ ബുസാന്‍ പോര്‍ട്ട് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു. ബുസാന്‍ പോര്‍ട്ട് അതോറിറ്റി (ബിപിഎ) പ്രസിഡന്റ് കി ചാന്‍ നാം കേരളത്തില്‍ നിന്നുള്ള സംഘത്തെ സ്വീകരിച്ചു.
കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെയും തുറമുഖ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനും കേരളത്തിന്റെ തുറമുഖങ്ങളും ഹാര്‍ബാറുകളും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രി ബിപിഎയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സോളിലെ ഇന്ത്യാ യോഗ സെന്ററും പിണറായിയും മന്ത്രിമാരും സന്ദര്‍ശിച്ചു. ആയുര്‍വേദം, യോഗ, ടൂറിസം എന്നീ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനത്തിന് കേരള ടൂറിസവും സോളിലെ ഇന്ത്യാ യോഗ സെന്ററും തീരുമാനിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുമുണ്ട്. 13 ദിവസത്തെ സന്ദര്‍ശനത്തില്‍ മന്ത്രിമാരെക്കൂടാതെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ വി.കെ പ്രേമചന്ദ്രനും, ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെയും സംഘത്തെയും അനുഗമിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കാനുമായാണ് സംഘത്തിന്റെ യാത്രയെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍, നേരത്തെയും ഇത്തരം യാത്രകള്‍ മുഖ്യമന്ത്രിയും നടത്തിയിട്ടും സംസ്ഥാനത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
















