തിരുവനന്തപുരം : മദ്യപാനിയായ അച്ഛനും മുഴുപ്പട്ടിണിയും മൂലം കുട്ടികള്‍ മണ്ണുവാരിതിന്നേണ്ട അവസ്ഥയിലേക്ക് എത്തിയത് നമ്പര്‍ വണ്‍ എന്ന് വീമ്പിളക്കുന്ന കേരളത്തിലാണ്. പുറമ്പോക്കില്‍ കഴിയുന്ന നിരാലംബയായ സ്ത്രീ കുട്ടികളുടെ വിശപ്പകറ്റാന്‍ അവരെ ശിശുക്ഷേമ സമിതിക്ക് നല്‍കുകയല്ലാതെ എന്ത് ചെയ്യാനാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. സെക്രട്ടറിയേറ്റിന് അടുത്തുള്ള കൈതമുക്ക് പുറമ്പോക്കിലെ സ്ത്രീയുടേയും ആറ് മക്കളുടേയും ദുരവസ്ഥ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷയത്തില്‍ ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വരുമാനമാര്‍ഗ്ഗമെന്ന് പറഞ്ഞ് മദ്യ നയത്തില്‍ വെള്ളം ചേര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ കൂടിയാണ് ആസ്ത്രീയുടെ ദയനീയ സ്ഥിതിക്ക് കാരണം. ദാരിദ്ര നിര്‍മാര്‍ജ്ജനത്തില്‍ ഭാരതം ഏറെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ആ അവസ്ഥ പുറത്തുവരുന്നത്. കേരളം ലോകത്തിനു മുന്നില്‍ തലാഴ്‌ത്തുവന്ന സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചുറ്റുപാടുമുള്ള അവശരിലേക്കും ആലംബ ഹീനരിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ കണ്ണെത്തണം. വിശപ്പിനോടാണ് കടക്കു പുറത്ത് പറയേണ്ടത്. മക്കളെ സംരക്ഷിക്കാതെ മദ്യ നയത്തില്‍ മുങ്ങിയവരിലാണ് നവോത്ഥാനം കൊണ്ടുവരേണ്ടത്. ഇത്തരത്തില്‍ ഒരു അവസ്ഥയിലേക്ക് നീങ്ങും വരെ ഇതൊന്നും കാണാതിരുന്ന ജന പ്രതിനിധികള്‍ക്ക് ഇനിയും ആസ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേയെന്നും മുരളീധരന്‍ ചോദിച്ചു.
















