കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദിലീപ് നേരിട്ട് ഹാജരായില്ല.
ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയ ശേഷം ഇതാദ്യമായാണ് ഇക്കാര്യം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള വിദഗ്ധനെയാണ് പരിഗണിക്കുന്നത്.
ഒരാഴ്ചക്കകം വിവരം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിനിടെ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഒന്‍പതാം പ്രതി സനല്‍ കുമാറിന്റെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി. അടുത്തമാസം പത്താം തീയതിക്കുള്ളില്‍ പ്രതിയെ കണ്ടെത്തി ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചു. കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.
















