തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് ധൂര്‍ത്തടിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. അമിത വാടകയുടെ പേരില്‍ ഹെലികോപ്റ്റര്‍ വാങ്ങിയത് തന്നെ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങി അധിക ധൂര്‍ത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ടെന്‍ഡര്‍ വിളിക്കാതെ വാങ്ങുന്ന ജപ്പാന്‍ കമ്പനിയുടെ ഈ കാറുകള്‍ക്ക് ഒന്നരക്കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. ഈ തുക കേന്ദ്ര ഫണ്ടില്‍ നിന്ന് വിനിയോഗിക്കാനാണ് കേരള സര്‍ക്കാരിന്റെ നീക്കം.
രണ്ട് ടാറ്റാ സഫാരിയും രണ്ട് മിത്‌സുബിഷി പജേറോയും അടക്കം നിലവില്‍ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷമാണ് 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങിയത്. ടെന്‍ഡറില്ലാതെ ഇവ വാങ്ങാന്‍ 30% തുക മുന്‍കൂറായി നല്‍കിയ ഡിജിപിയുടെ നടപടിയില്‍ ആഭ്യന്തര വകുപ്പു വിശദീകരണം തേടിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിക്കാനാകില്ലെന്നായിരുന്നു മറുപടി.
ഇപ്പോള്‍ മാവോയിസ്റ്റ് ഭീഷണി പറഞ്ഞാണു ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആകാശസഞ്ചാരത്തിനു വേണ്ടിയാണിതെന്നു പോലീസ് ഉന്നതങ്ങളില്‍ തന്നെ സംസാരമുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണു മാസം 1.44 കോടി രൂപ വാടക നല്‍കിയുള്ള ധൂര്‍ത്ത്. മാസം 20 മണിക്കൂര്‍ പറപ്പിക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപ വീതം നല്‍കണം.
രക്ഷാപ്രവര്‍ത്തനത്തിന്റെയും മാവോയിസ്റ്റുകളുടെയും പേരില്‍ പെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്താല്‍ പ്രശ്‌നമില്ലെന്നാണു സര്‍ക്കാരിനു കിട്ടിയ ഉപദേശം. മുന്‍പു കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പോലീസ് നീക്കം വിവാദമായപ്പോള്‍ ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: