തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്കുള്ള തുക ഈടാക്കുന്നത് വര്‍ധിപ്പിക്കാന്‍ നീക്കം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള നിരക്ക് 10 ശതമാനം ഉയര്‍ത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയാണ് ഫീസും പിഴത്തുകയും പത്ത് ശതമാനം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ നല്‍കിയത്.
പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രിയാണ് ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച അവസാന രണ്ട് ബജറ്റുകളിലും സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് അഞ്ച് ശതമാനം വര്‍ധിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും 10 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം സമിതിയുടെ ശുപാര്‍ശ അടുത്ത ബജറ്റിലൂടെയാകും നടപ്പാക്കാനാണ് സാധ്യത.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് നിരന്തരം പ്രഖ്യാപിക്കുമ്പോഴും സര്‍ക്കാര്‍ ചെലവുകളില്‍ വന്‍ ധൂര്‍ത്താണ് കാണാന്‍ സാധിക്കുന്നത്. മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും വിദേശ യാത്രയുള്‍പ്പടെയുള്ള ചെലവുകള്‍ ഇതുമൂലം കൃത്യമായി പുറത്തുവിട്ടിട്ടില്ല.
കൂടാതെ ഹെലിക്കോപ്ടര്‍ ഉള്‍പ്പടെ സര്‍ക്കാര്‍ നടത്തിയ വിവിധ കരാര്‍ ഇടപാടുകള്‍ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതാണ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ജനങ്ങളില്‍ നിന്നും പൊതു സേവനങ്ങള്‍ക്ക് അധിക ഫീസ് ഇടാക്കാനുള്ള ഈ നടപടി.
















