തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് അമിത വാടകയില്‍. മാവേയിസ്റ്റ് നക്സല്‍ ബാധിത പ്രദേശമായ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുക്കുമ്പോഴാണ് 1.44 കോടിക്ക് കേരളം മുഖ്യമന്ത്രിക്കായി വാടകയ്ക്ക് എടുത്തത്.
ദല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം പവന് ഹാന്‍സ് കേരളത്തിന് ഹെലികോപ്റ്റര്‍ വാടകയ്ക്കു നല്‍കുന്നത്. 20 മണിക്കൂര്‍ ഉപയോഗിക്കുന്നതിനാണ് ഇത്രയും കോടി നല്‍കുന്നത്. വാടക ബില്ലിന്റെ പകര്‍പ്പുകളും പുറത്തുവന്നിട്ടുണ്ട്. നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഡിന് 25 മണിക്കൂര്‍ നേരത്തേക്ക് ഹെലികോപ്ടര്‍ നല്‍കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായ വിമാനക്കമ്പനി വിങ്സ് ഏവിയേഷന്‍ ഈടാക്കുന്നത് 85 ലക്ഷം രൂപയാണ്. ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്ടറാണ് സംസ്ഥാനവും ഉപയോഗിക്കുന്നത്.
അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദികളെ നേരിടാനുമാണ് ആഭ്യന്തര വകുപ്പ് ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്തത്. എന്നാല്‍ മുഖ്യമന്ത്രിയുടേയും മറ്റും അവശ്യങ്ങള്ക്കായാണ് ഇത് ഉപയോഗിക്കുന്നത്.
20 മണിക്കൂറിന് ഒരുകോടി 44 ലക്ഷം രൂപയ്ക്കാണ് നിലവില്‍ സംസ്ഥാനം ഈ ഹെലിക്കോപ്ടര്‍ ഉപയോഗിച്ചു വരുന്നത്. ദല്‍ഹി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് 1.44 കോടിക്ക് മൂന്ന് ഹെലികോപ്ടറുകള്‍ 60 മണിക്കൂര്‍ സേവനം നല്‍കുമെന്ന് ചിപ്സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. അത് തള്ളിയാണ് കൂടിയ തുകയ്ക്ക് കേരളം കരാറില്‍ ഏര്‍പ്പെട്ടത്.
എന്നാല്‍ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് കേരള പോലീസിന്റെ വാദം. കേരളം വാടകയ്ക്ക് എടുത്ത ഹെലിക്കോപ്ടറിന് പതിനൊന്ന് സീറ്റ്, ഇരട്ട എന്ജിന്, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഉണ്ടെന്നും പോലീസ് നല്കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
ഈ മാസം പത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹി കമ്പനിയുമായി കരാര്‍ ഒപ്പുവച്ചത്. ഇതിലും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ സേവനം വാഗ്ദാനം ചെയ്തിട്ടും കൂടിയ തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിമാനക്കമ്പനിയുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന് രമണ്‍ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടെന്നും പരാതിയിലുണ്ട്.
കേരളം നല്കുന്ന അമിത തുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് ഹെലികോപ്റ്റര്‍ നല്കിയ കമ്പനി കുറ്റപ്പെടുത്തി. കേരളം കരാറൊപ്പിട്ടിരിക്കുന്ന ഡോഫിന്‍ എന്‍3 മോഡല്‍ ഹെലികോപ്ടറാണങ്കില്‍ ഇരുപതു മണിക്കൂറിന് എഴുപതു ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നതായും കമ്പനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: