വെസ്റ്റ് സിങ്ഭം (ഝാര്‍ഖണ്ഡ്): രാജ്യത്തെ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെയും 2024നു മുന്‍പ് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരും, ഓരോ നുഴഞ്ഞുകയറ്റക്കാരനെയും തെരഞ്ഞുപിടിച്ച് പുറത്താക്കും, ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
അവരെ പുറത്താക്കില്ലെന്ന് രാഹുല്‍ ബാബ (രാഹുല്‍) പറയുന്നു. പക്ഷെ ഞങ്ങള്‍ പറയുന്നു. അവരെ മുഴുവന്‍ പുറത്താക്കും. വികസന പ്രവര്‍ത്തനം പോലെ പ്രധാനമാണ് നക്‌സല്‍, ഭീകരവിരുദ്ധ പോരാട്ടവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും, അദ്ദേഹം പറഞ്ഞു.അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തടയാനാണ് കോണ്‍ഗ്രസ്സും അതിന്റെ നേതാക്കളും ശ്രമിച്ചത്. സുപ്രീംകോടതിയില്‍ അയോധ്യ കേസ് വന്നപ്പോള്‍ ഹാജരായ കോണ്‍ഗ്രസ് നേതാക്കളുടെ വാദങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമായിരുന്നു.
എത്രയും പെട്ടെന്നു തീരുമാനമെടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കേസ് പരമാവധി വൈകിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശ്രമിച്ചത്, അമിത് ഷാ പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ മടിയിലിരുന്ന് ഝാര്‍ഖണ്ഡില്‍ അധികാരത്തില്‍ എത്താനാണ് ജെഎംഎം നേതാവ് ഷിബു സോറന്‍ ശ്രമിക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്-ജെഎംഎം കൂട്ടുകെട്ടിന് അധികാരം മാത്രമാണ് പ്രശ്‌നം. എന്നാല്‍, ഝാര്‍ഖണ്ഡിനെ പുരോഗതിയിലേക്ക് നയിക്കാനാണ് രഘുബര്‍ ദാസിന്റെ നേതൃത്വത്തില്‍ ബിജെപി ശ്രമിക്കുന്നത്. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാകണമെന്ന് ഝാര്‍ഖണ്ഡ് ആഗ്രഹിക്കുന്നു. ഭീകരതയും മാവോയിസവും അവസാനിക്കണമെന്ന് ഝാര്‍ഖണ്ഡ് ആഗ്രഹിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന് ഝാര്‍ഖണ്ഡ് ആഗ്രഹിക്കുന്നു, അമിത് ഷാ പറഞ്ഞു.
















