തൃശൂര്‍: ബിജെപി പ്രവര്‍ത്തകന്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ തീവ്രവാദ സംഘടനയായ ജം ഇയ്യത്തുള്‍ ഇസ്ലാമിയയുടെ സജീവ പ്രവര്‍ത്തകനായ ഒരാള്‍ കൂടി അറസ്റ്റില്‍. ചെറുതുരുത്തി പള്ളം കളപ്പുറം സലിമി(44)നെ ആണ് തിരൂര്‍ ഡിവൈഎസ്പി കെ.എ. സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ ജം-ഇയ്യത്തുല്‍ ഇസ്ലാമിയയുടെ സജീവ പ്രവര്‍ത്തകരായ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. സംഭവത്തിനു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു സലിം. കേസില്‍ മുമ്പ് അറസ്റ്റിലായ പ്രതികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ഓടിച്ചിരുന്നത് ഇയാളായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് സലിമാണ്. വിദേശത്തു നിന്ന് നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സുനിലിനെ വെട്ടിക്കൊലപ്പെടുത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തതിന്റെ വിശദവിവരങ്ങള്‍ ക്രൈംബ്രാഞ്ചിനോട് സലിം വെളിപ്പെടുത്തി.
പുലാമന്തോള്‍ പാടൂര്‍ മോഹനചന്ദ്രന്‍ വധക്കേസിലും ഇയാള്‍ പ്രതിയാണ്. രാത്രി കടയടച്ച് സൈക്കിളില്‍ പോകുകയായിരുന്ന മോഹനചന്ദ്രന്റെ സൈക്കിളില്‍ ജീപ്പിടിച്ച് വീഴ്‌ത്തിയത് താനാണെന്ന് ചോദ്യം ചെയ്യലില്‍ സലിം മൊഴി നല്‍കി. പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ കെ.എം. ബിജു, എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒ രാജേഷ്, സിപിഒ പ്രകാശ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സുനില്‍ വധക്കേസില്‍ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കിയ ജം ഇയ്യത്തുല്‍ ഇസ്ലാമിയയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന പഴുന്നാന ഹുസൈന്‍ മുസ്ല്യാര്‍ വിദേശത്തേക്ക് ഒളിവില്‍ പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തൃശൂര്‍ സന്തോഷ് വധക്കേസിലെ പ്രതി കൂടിയാണ് ഇയാള്‍. ആറോളം കൊലക്കേസുകളില്‍ പ്രതിയായ സൈതലവി അന്‍വദിയുടെ ആത്മീയ ഗുരുവാണ് ഹുസൈന്‍ മുസ്ല്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: