ആലപ്പുഴ: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ സഹായിക്കുന്നതിന് ധനവകുപ്പ്. പൊതുമരാമത്ത് വകുപ്പിനെ പോലും മറികടന്ന് ഉത്തരവിറക്കുന്നു. പൊതുമരാമത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കരാറുകാരുടെ വൈകല്യ ബാധ്യതാ കാലയളവ് അഞ്ചു വര്‍ഷമായി വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കിയതാണ് വിവാദമായത്. ഊരാളുങ്കലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ കരാറുകാരുടെ വൈകല്യ ബാധ്യതാ കാലയളവ് പരമാവധി ഒരു വര്‍ഷം മാത്രമാണ്.
വൈകല്യ ബാധ്യതാ കാലയളവിന് ശേഷം മാത്രമേ കരാറുകാര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക മടക്കി നല്‍കൂ. അഞ്ചു വര്‍ഷമായി കാലാവധി വര്‍ധിപ്പിച്ചപ്പോള്‍ അത്രയും നാള്‍ കരാറുകാരുടെ സെക്യൂരിറ്റി തുക സംസ്ഥാന സര്‍ക്കാരിന് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ ഊരാളുങ്കലിന് സെക്യൂരിറ്റി തുക കെട്ടിവയ്‌ക്കാതെയാണ് കരാറുകള്‍ നല്‍കുന്നത്. വൈകല്യ ബാധ്യതാ കാലയളവ് വര്‍ധിപ്പിച്ചാല്‍ ഊരാളുങ്കലിന് യാതൊരു ബുദ്ധിമുട്ടും സംഭവിക്കില്ല, മറ്റു കരാറുകാര്‍ വെട്ടിലാകും. ഈ സാഹചര്യത്തില്‍ മറ്റു കരാറുകാര്‍ പ്രവര്‍ത്തികള്‍ കൈവിടുന്നതോടെ ഊരാളുങ്കലിന് പ്രവര്‍ത്തികള്‍ നേടാം. അതിനാലാണ് ഊരാളുങ്കല്‍ ഇതിനായി നിവേദനം നല്‍കിയതെന്നും പൊതുമരാമത്ത് വകുപ്പിനെ പോലും മറികടന്ന് ധന വകുപ്പ് ഉത്തരവിറക്കിയതെന്നും കേരളാ ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ധനവകുപ്പിന്റേത്. കരാറുകാരെ ധനവകുപ്പ് ദ്രോഹിക്കുകയാണ്. ട്രഷറി നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ കരാറുകാര്‍ക്ക് കുടിശിക തുക പോലും നല്‍കുന്നില്ല. കരാറുകാരെ ദ്രോഹിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കലിന് തീറെഴുതാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കണ്ണമ്പള്ളി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: