ചാരുംമൂട്: നൂറനാട് ഇടക്കുന്നം പ്രദേശവാസികളെ വിറപ്പിച്ച് പേപ്പട്ടികള്‍. ഇടക്കുന്നം ഭാഗത്തുമാത്രം പേപ്പട്ടിയുടെ കടിയേറ്റു ചികിത്സതേടിയത് അഞ്ചു പേരാണ്. കഴിഞ്ഞ ദിവസം ഇവിടെ കിടാവിനെ തെരുവുനായ്‌ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു. ഇന്നലെയും ഇടക്കുന്നത്ത് ഒരു വീട്ടമ്മയ്‌ക്കു പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടിയെ കണ്ടെത്തുവാനുള്ള പ്രദേശവാസികളുടെ ശ്രമം പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. ഇടക്കുന്നം ആക്കിനാട്ട് സുരേന്ദ്രന്‍ പിള്ളയുടെ ഭാര്യ വസന്ത (55)യുടെ മുഖത്തും കൈകാലുകള്‍ക്കും പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബിജു ഭവനത്തില്‍ ഗോപിനാഥന്‍പിള്ളയുടെ ഭാര്യ രുക്മിണി (60), ദിനേശാലയത്തില്‍ ദിനേശന്റെ ഭാര്യ അരുന്ധതി (50) എന്നിവര്‍ക്കും സമീപത്തായി വാടകയ്‌ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ രണ്ടു മക്കള്‍ക്കും പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
അജിത ഭവനത്തില്‍ രാമകൃഷ്ണപിള്ളയുടെ പശുക്കിടാവിനെ നായ് കടിച്ചു കൊന്നതായും പറയുന്നു. പേപ്പട്ടിയെ ഭയന്ന് പ്രദേശത്തെ വീടുകളില്‍ നിന്നും ആരും പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ രാവിലെ പേപ്പട്ടിയെ പിടിക്കാന്‍ ജനങ്ങള്‍ സംഘടിതമായി പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞദിവസം ചാരുംമൂട്ടിലും തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. എന്നാല്‍ പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. ജങ്ഷനിലെ നായ്‌ക്കളുടെ ബാഹുല്യംമൂലം വ്യാപാരികളും കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. കൂടാതെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇവ ഭീഷണി ഉയര്‍ത്തുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതുമൂലം നിരവധി പേര്‍ അപകടത്തില്‍പ്പെടുന്നുണ്ട്.
















