തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും ഗതാഗതമന്ത്രിക്കെതിരെയും തുറന്നടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിന് ഒപ്പം നില്‍ക്കലല്ല മന്ത്രി എ കെ ശശീന്ദ്രന്റെ പണിയെന്നാണ് ആനത്തലവട്ടം കുറ്റപ്പെടുത്തിയത്. ശത്രുക്കള്‍ നടത്തുന്ന തൊഴിലാളി വിരുദ്ധ കാര്യങ്ങള്‍ക്ക് സാക്ഷ്യം പറയുന്നതല്ല മന്ത്രിയുടെ ജോലി. എല്ലാ വകുപ്പുകളും ഒന്നുപോലെയല്ലേ, എല്ലാവര്‍ക്കും ശമ്പളം നല്‍കുമ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മാത്രം മാറ്റിനിര്‍ത്തുകയാണ്. മന്ത്രിക്ക് വേറെ വകുപ്പൊന്നും ഭരിക്കാനില്ല. കെഎസ്ആര്‍ടിസിയുടെ കാര്യം മന്ത്രികൃത്യമായി നോക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.
പ്രതിസന്ധിക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കുക, ശമ്പളം കൃത്യമായി നല്‍കുക, സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കുക, മാനേജ്മെന്റ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സമരം നടത്തുന്നത്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ആനത്തലവട്ടം പറഞ്ഞു.
















