തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ വധശ്രമക്കേസിലെ പിടികിട്ടാനുള്ള അവസാന പ്രതിയും കീഴടങ്ങി. അതിയന്നൂര്‍ ആറാംലുംമൂട് ഹൈദര്‍ പാലസില്‍ ഹൈദര്‍ ഷാനവാസാണ് കീഴടങ്ങിയത്. മുഴുവന്‍ പ്രതികളെയും പിടികൂടിയ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കന്റോണ്‍മെന്റ് പോലീസിന് മുന്‍പാകെ ഞായറാഴ്ചയാണ് പ്രതി കീഴടങ്ങിയത്. മജിസ്ട്രേട്ടിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ പതിനഞ്ചാം പ്രതിയാണ് ഹൈദര്‍ ഷാനവാസ്.
പ്രതി ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദേശത്തേക്ക് കടന്നതായി സംശയിച്ച് പ്രതിയുടെ വിവരങ്ങള്‍ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന് പോലീസ് കൈമാറിയിരുന്നു. ഇത് അറിഞ്ഞതോടെയാണ് പ്രതി കീഴടങ്ങിയത്.
















