ശബരിമല: മേല്ശാന്തിമഠം എന്നാണ് പേരെങ്കിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ താവളമായി മാറി മാളികപ്പുറം മേല്‍ശാന്തിക്കായി നിര്‍മിച്ച കെട്ടിടത്തിലെ പ്രധാനമുറികള്‍. മൂന്ന് മാസം മുമ്പ് നിര്‍മിച്ച രണ്ടു നിലകളുള്ള കെട്ടിടത്തിലാണ് ഉദ്യോഗസ്ഥര്‍ കുടിയേറിയത്.
മുന്‍ വര്‍ഷങ്ങളില്‍ ചോര്‍ന്നൊലിക്കുന്ന ഒരു ചെറിയ ഷെഡ്ഡിലാണ് മേല്‍ശാന്തിമാര്‍ താമസിച്ചിരുന്നത്. തുടര്‍ന്നാണ് പുതിയ മഠം പണികഴിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഇത് ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ രണ്ട് മുറിയും ഒരു ഹാളുമാണുള്ളത്. മുറികളിലൊന്ന് സ്പെഷ്യല്‍ ഓഫീസര്‍ക്കും അടുത്ത മുറി അസി. സ്പെഷ്യല്‍ ഓഫീസര്‍ക്കുമാണ്. ഹാളില്‍ മേല്‍ശാന്തിയുടെ 20 പരികര്‍മ്മികളാണ് കിടക്കുന്നത്. ഇവര്‍ക്ക് സൗകര്യമായി കിടക്കാനുള്ളയിടപോലുമില്ല. ഇവിടെ രണ്ട് കട്ടില് മാത്രമാണ് നല്‍കിയത്. മറ്റുള്ളവര്‍ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്. താഴത്തെ നിലയില്‍ രണ്ടു മുറിയും അടുക്കളയുമാണ് നല്‍കിയിരുന്നത്. കൂടാതെ പൂജാ സ്റ്റോറിനായി ഒരു മുറിയുണ്ട്. മറ്റൊരു മുറി ദേവസ്വം കഴകത്തിനാണ്. മഠത്തിലെത്തുന്ന ഭക്തര്‍ക്ക് മേല്ശാന്തിയെക്കണ്ട് പ്രസാദം വാങ്ങാനുള്ള സൗകര്യവുമില്ല.
പ്രധാന വാതില്‍ കടന്നെത്തുമ്പോള്‍ വലതുവശത്ത് ഒരുമൂലയിലാണ് മേല്‍ശാന്തി ഇരിക്കുന്നത്. ദേവസ്വം ഉദ്യോഗസ്ഥര്‍ രാത്രി ഏറെ വൈകിയാണ് അവരുടെ മുറികളില്‍ എത്തുന്നത്. ഇതുകാരണം മേല്‍ശാന്തി മഠത്തിലെ പ്രധാന വാതില്‍ അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഏത് സമയത്തും ആര്‍ക്കും കെട്ടിടത്തിനുള്ളില്‍ കയറാവുന്ന അവസ്ഥയാണ്. പുലര്‍ച്ചെ പൂജയ്ക്കെത്തേണ്ട പൂജാരിമാര്‍ വൈകി ഉറങ്ങുന്നതിനാല്‍ കൃത്യസമയത്ത് എഴുന്നേല്ക്കാന് തന്നെ പണിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: