ന്യൂദല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ വന്‍കുതിപ്പ്. നവംബര്‍ മാസത്തെ ചരക്ക് സേവന നികുതി വരുമാനം 1.03 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ മാസത്തേക്കാള്‍ ആറു ശതമാനത്തിന്റെ വളര്‍ച്ചയാണ് ജിഎസ്ടിയില്‍ ഉണ്ടായത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഭ്യന്തര രംഗം മോചനം നേടുന്നതിന്റെ ലക്ഷണമാണ് മികച്ച ജിഎസ്ടി കളക്ഷനെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
കേന്ദ്ര ജിഎസ്ടിയായി 19,592 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 27,144 കോടി രൂപയും ഇന്റഗ്രേറ്റഡ് ജിഎസ്ടിയായി, ഇറക്കുമതി വഴി ലഭിച്ച 20,948 കോടി രൂപ അടക്കം 49,028 കോടി രൂപയുമാണ് നവംബറില്‍ ലഭിച്ചത്. സെസ് ഇനത്തില്‍ 7,727 കോടി രൂപയും ലഭിച്ചു. ഇതില്‍ 869 കോടി രൂപ ഇറക്കുമതി വഴിയാണ് ലഭിച്ചത്. 95,380 കോടി രൂപയായിരുന്നു ഒക്ടോബറിലെ ജിഎസ്ടി വരുമാനം. സപ്തംബറിലാവട്ടെ 91,916 കോടി രൂപയും. ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഒരുലക്ഷം കോടി രൂപയ്‌ക്ക് താഴേക്ക് ജിഎസ്ടി വരുമാനം കുറഞ്ഞതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ഫലം കണ്ടുതുടങ്ങിയതാണ് ഉയര്‍ന്ന ജിഎസ്ടി പിരിച്ചെടുക്കാന്‍ സഹായിച്ചത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ഇതുവരെ എട്ടു തവണ മാത്രമേ മാസവരുമാനം ഒരുലക്ഷം കോടി കടന്നിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം നവംബറില്‍ 97,637 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഇത്തവണ റെക്കോഡ് കളക്ഷന്‍ ഉണ്ടായത്. ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി ശേഖരം പന്ത്രണ്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും 2017ല്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ നിരക്കുമാണിത്.
നിര്‍മാണ മേഖലയ്‌ക്ക് കുതിപ്പേകാന്‍ 100 ലക്ഷം കോടിയുടെ പദ്ധതികള്‍
ന്യൂദല്‍ഹി: രാജ്യത്തെ നിര്‍മാണ മേഖലയ്‌ക്ക് കുതിപ്പേകാന്‍ 100 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 15ന് മുമ്പായി വലിയ പത്തു പദ്ധതികളെങ്കിലും പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മുംബൈയില്‍ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കവെ വെളിപ്പെടുത്തി.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ ഇടിവുണ്ടായത് നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ നിമിത്തമായിരുന്നു. മുന്‍ സാമ്പത്തികവര്‍ഷം 8.5 ശതമാനം ഉണ്ടായിരുന്ന നിര്‍മാണ മേഖലയിലെ വളര്‍ച്ചാ നിരക്ക് 3.3 ശതമാനത്തിലേക്കാണ് കുറഞ്ഞത്. ഇതേത്തുടര്‍ന്നാണ് നൂറുലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നിര്‍മാണ മേഖലയില്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
നിര്‍മാണ മേഖല സജീവമായാല്‍ മാത്രമേ ആഭ്യന്തര സാമ്പത്തിക രംഗം സജീവമാകൂ. വിദേശ നിക്ഷേപം അടക്കമുള്ളവ ലഭിക്കുന്നതോടെ നിര്‍മാണ മേഖലയെ വീണ്ടും പഴയ വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കാനാവുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.
















