കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലാകിരീടം പാലക്കാടിന്. 951 പോയിന്റോടെയാണ് പാലക്കാട് ജില്ല ഒന്നാം സ്ഥാനം നേടിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പാലക്കാട് കലാകിരീടം അണിയുന്നത്. 949 വീതം പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 940 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. മത്സരങ്ങള്‍ സമാപിക്കുന്ന അവസാന നിമിഷം വരെ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഒപ്പത്തിനൊപ്പമായിരുന്നു. ആതിഥേയരായ കാസര്‍കോട് 875 പോയിന്റുമായി പത്താം സ്ഥാനത്താണ്.
എച്ച്എസ്എസ് വിഭാഗത്തില്‍ 161 പോയിന്റുമായി ആലപ്പുഴ മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസ് മുന്നിലെത്തി. 130 പോയിന്റു നേടിയ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 73 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. 66 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി.
സംസ്കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റുമായി കാസര്‍കോട് രണ്ടാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തില്‍ 95 പോയിന്റ് നേടി പാലക്കാടും കണ്ണൂരും കോഴിക്കോടും ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റുകള്‍ നേടി തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
പന്ത്രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു കഴിഞ്ഞവര്‍ഷം പാലക്കാടിന് കലാ കിരീടം ലഭിച്ചത്. തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷം കോഴിക്കോട് കൈവശം വെച്ചു വരികയായിരുന്നു കലാകിരീടം. അടുത്ത സ്കൂള്‍ കലോത്സവം കൊല്ലത്ത് നടക്കുമെന്ന് സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവം ഗ്രാമോത്സവമാക്കി അടുത്തവര്‍ഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിജയികള്‍ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടിയും നര്‍ത്തകിയുമായ ഡോ. വിന്ദുജ മേനോന് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സമാപന സമ്മേളനം ആരംഭിക്കാനിരിക്കെ മണിക്കൂറോളം തിമിര്‍ത്തു പെയ്ത മഴ മത്സരാര്ഥികളെയും ആസ്വാദകരെയും ബുദ്ധിമുട്ടിലാക്കി.
പോയിന്റു നില
പാലക്കാട് 951
കോഴിക്കോട് 949
കണ്ണൂര്‍ 949
തൃശ്ശൂര്‍ 940
തിരുവനന്തപുരം 898
കോട്ടയം 894
വയനാട് 876
കാസര്‍കോട് 875
ആലപ്പുഴ 868
കൊല്ലം 860
പത്തനംതിട്ട 773
ഇടുക്കി 772
പ്രതികരിക്കാൻ ഇവിടെ എഴുതുക: