ബലാസോര്‍: ഇന്ത്യന്‍ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി3 രാത്രിയിലും ലക്ഷ്യം കണ്ടു. ഇതോടുകൂടി ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്, ഷാന്‍ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളവും അഗ്നി3 ന്റെ പരിധിയിലാണ്. 3500 കിലോമീറ്റര്‍ ദൂര പരിധിയുള്ളതും ഒന്നര ടണ്‍ ഭാരമുള്ള ആണവായുധങ്ങളും വഹിക്കാന്‍ കഴിയുന്ന മിസൈലാണ് ഇത്. ശനിയാഴ്ച ഒഡീഷാ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്ന് രാത്രി 7.17നായിരുന്നു അഗ്നി3 രാത്രി വിക്ഷേപിച്ച് പരീക്ഷിച്ചത്.
ഒഡീഷ തീരത്തെ അബുദുള്‍ കലാം ദ്വീപില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ തൊടുത്തത്. രാജ്യത്ത് എവിടെ നിന്നും മൊബൈല്‍ ലോഞ്ചര്‍ വഴി അഗ്നി മൂന്ന് മിസൈല്‍ വിക്ഷേപിക്കാന്‍ സാധിക്കുമെന്നത് മറ്റൊരു നേട്ടമാണ്. 17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വ്യാസവും 50 ടണ്‍ ഭാരവും മിസൈലിനുണ്ട്. സെക്കന്റില്‍ 5000 മീറ്റര്‍ വേഗതയാണ് അഗ്നി മൂന്നിന്റെ മറ്റൊരു പ്രത്യേകത. സൈന്യത്തിലെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡാണ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയത്. ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് കരസേനയ്ക്ക് കൈമാറിയ മിസൈലാണ് അഗ്നി3.
















