തിരുവനന്തപുരം: ഇന്നുമുതല്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വാഹന പരിശോധനയ്‌ക്കും മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനം.
വാഹനപരിശോധനയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുതിയ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. വാഹന പരിശോധന എസ്‌ഐയുടെ നേതൃത്വത്തില്‍ വേണമെന്ന് ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കുമെന്നാണ് വ്യക്തമാകുന്നത്.
പരിശോധന ക്യാമറയില്‍ പകര്‍ത്തണം. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കേണ്ട. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന. റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ല എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചാല്‍ എസ്പിമാരായിരിക്കും ഉത്തരവാദിയെന്നും ബെഹ്‌റ വ്യക്തമാക്കി.
ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്കുള്ള 500 രൂപയാണ് പിഴയായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരമായി ഹെല്‍മറ്റ് വയ്‌ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. കടയ്‌ക്കലില്‍ ഹെല്‍മറ്റ് വേട്ടയ്‌ക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് കര്‍ശനപരിശോധനയില്‍ സാവകാശമുണ്ടാകുന്നത്. വാഹനങ്ങള്‍ പിന്‍തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി കര്‍ശ്ശന നിര്‍ദ്ദേശമാണ് ഇറക്കിയിരിക്കുന്നത്.
















