മാനന്തവാടി: ഭാരതത്തിന്റെ സ്വാതന്ത്ര്യ ബോധത്തെ ഒറ്റുകൊടുക്കാന്‍ തയാറാവാത്തതാണ് പഴശ്ശി ചരിത്രമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി. പൈതൃക സംരക്ഷണ കര്‍മ്മസമിതി മാനന്തവാടിയില്‍ നടത്തിയ പഴശ്ശി വീരാഹുതി ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ധീരദേശാഭിമാനികളുടെ സമര പോരാട്ടങ്ങള്‍ വക്രീകരിക്കപ്പെടുന്ന ചരിത്രം മാറണം. സ്വാതന്ത്രസമരത്തിലെ ജ്വലിക്കുന്ന അധ്യായങ്ങള്‍ തിരസ്‌ക്കരിക്കപ്പെടുന്നു. ധര്‍മ്മത്തെ അവഹേളിക്കുന്നവരെ കുറിച്ചാണ് പഠിപ്പിക്കുന്നത്. വീരന്മാരുടെ പോരാട്ട വഴികള്‍ കനല്‍വഴികളായി പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിന്തകള്‍ ധാര്‍മ്മികമായിരിക്കണമെന്നും, ഇന്നലകളിലെ ധീര നൊമ്പരങ്ങള്‍ തീജ്വാലകളായി ഇന്നത്തെ തലമുറ കൊണ്ട് നടക്കണമെന്നും മീനങ്ങാടി നരനാരായണാശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി പറഞ്ഞു. ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.വി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കാലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും ഗോത്രമേഖലകളില്‍ മികച്ച വിജയം കൈവരിച്ചവരെയും ആദരിച്ചു. വി.കെ. സന്തോഷ് കുമാര്‍, പള്ളിയറ രാമന്‍, പി. ചന്ദ്രന്‍, പി. രാമചന്ദ്രന്‍, വി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി കെഎസ്ഇബി പരിസരത്ത് നിന്ന് ആരംഭിച്ച സ്മൃതി യാത്ര നഗരം ചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു. ഇന്നലെ രാവിലെ പൈതൃക സംരക്ഷണ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ പഴശ്ശി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
















