തൃശൂര്‍: കേരള സഹകരണ ബാങ്ക് എന്ന കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ ആശങ്കയേറുന്നത് സഹകരണമേഖലയില്‍. സഹകരണ മേഖലയുടെ അടിസ്ഥാന ആശയങ്ങളിലൊന്നായ സമ്പത്തിന്റെ വികേന്ദ്രീകരണത്തിനു പകരം സമ്പദ്കേന്ദ്രീകരണമാകും സംഭവിക്കുക. സംസ്ഥാനസഹകരണ ബാങ്കും മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണബാങ്കുകളും ഒരുമിച്ച് ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിക്കുന്നത്.
പതിനാല് സഹകരണ ബാങ്കുകളുടെയും തലപ്പത്ത് സഹകാരികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഒറ്റ ബാങ്കാകുന്നതോടെ ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിതെളിയും. സഹകരണ ബാങ്കിങ് സ്വഭാവത്തിന് പകരം വാണിജ്യബാങ്കുകളുടെ സ്വഭാവത്തിലേക്ക് മാറും, ഇതോടെ സാധാരണക്കാര്‍ക്ക് ഈ സ്ഥാപനം അപ്രാപ്യമാകും.
വില്ലേജ് അടിസ്ഥാനത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ചും ആശങ്കയുണ്ട്. സംസ്ഥാനത്തെ 3800ലധികം പ്രാഥമിക സംഘങ്ങളുടെ പ്രധാന മൂലധനം ജില്ലാ സഹകരണബാങ്കുകളുടെ നിക്ഷേപമായിരുന്നു. പ്രാഥമിക സംഘങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്ന സ്രോതസ്സായിരുന്നു ജില്ലാ സഹകരണ ബാങ്കുകള്‍. ഇതില്ലാതാവുന്നതോടെ സാമ്പത്തിക ഭദ്രത കുറഞ്ഞ പ്രഥാമിക സംഘങ്ങള്‍ പ്രതിസന്ധിയിലാകും.
ജില്ലാ സഹകരണബാങ്കുകളെ കൂട്ടിച്ചേര്‍ക്കുന്നതോടെ കേരള ബാങ്കിന്റെ ഭാവിയിലും ആശങ്ക. നിലവില്‍ സംസ്ഥാന സഹകരണബാങ്കിന്റെ നിഷ്ക്രിയ ആസ്തി (കിട്ടാക്കടം) 2.52 ശതമാനമാണ്. ജില്ലാ സഹകരണ ബാങ്കുകളുടേതാകട്ടെ 3.82 മുതല്‍ 16.36 വരെ ശതമാനവും. ബാങ്കുകള്‍ ലയിക്കുന്നതോടെ രൂപീകൃതമാകുന്ന പുതിയ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി വലിയ തോതില്‍ ഉയരും. ഇത് മറികടക്കാന്‍ വന്‍തോതില്‍ നിക്ഷേപം കണ്ടെത്തേണ്ടി വരും. 65,000 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രവാസി മലയാളികളെയാണ് ഇതിനായി ലക്ഷ്യമിടുന്നത്. എന്നാല്‍ നിക്ഷേപത്തിന് പ്രവാസികള്‍ എത്രമാത്രം സന്നദ്ധമാകുമെന്ന് കണ്ടറിയണം. അമ്പേ പാളിയ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയുടെ ഉദാഹരണം സര്‍ക്കാരിന് മുന്നിലുണ്ട്.
രാഷ്ട്രീയ കാരണങ്ങളും പ്രവാസികളെ പിന്തിരിപ്പിക്കും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തില്‍ പ്രതിപക്ഷം ബാങ്കിന് അനുകൂലമല്ല. യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ സഹകരണബാങ്ക് ലയിക്കാന്‍ തയാറായിട്ടുമില്ല. മുസ്ലിം ലീഗ് കടുത്ത വിയോജിപ്പിലാണ്. ഇത് പ്രവാസി നിക്ഷേപസാധ്യത ദുര്‍ബ്ബലമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: