കാഞ്ഞങ്ങാട്: ചാക്യാര്‍കൂത്തില്‍ പരമേശ്വരന് പിന്നാലെ അനുജന്‍ സുബ്രഹ്മണ്യനും വിജയത്തിളക്കം. അഞ്ച് വര്‍ഷം സംസ്ഥാന കലോത്സവത്തിലും നാല് വര്‍ഷം സര്‍വ്വകലാശാല തലത്തിലും തുടര്‍ച്ചയായി വിജയിയായ സഹോദരന്‍ ഒ.കെ. പരമേശ്വരന്റെ വഴിയെയാണ് അനുജന്‍ ഒ.കെ. സുബ്രഹ്മണ്യന്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയിയാകുന്നത്.
ചാക്യാര്‍കൂത്തിന്റെ ആക്ഷേപഹാസ്യ പാരമ്പര്യത്തെ ശരിയാവണ്ണം നിലനിര്‍ത്തുന്ന അവതരണമായിരുന്നു സുബ്രഹ്മണ്യന്റേത്. പാഞ്ചാലീസ്വയംവര കഥയിലൂടെ സമകാലികരാഷ്‌ട്രീയത്തെയടക്കം കളിയാക്കിക്കൊണ്ടാണ് കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സുബഹ്മണ്യന്‍ വിജയം തുടര്‍ന്നത്.
പാഞ്ചാലിയെ വരിക്കാനായി വിവിധ രാജാക്കന്മാര്‍ രാജസദസ്സില്‍ വീരപരീക്ഷയില്‍ മത്സരിക്കാനായി ഒത്തുകൂടി. എന്നാല്‍ ഇവിടുത്തെ മന്ത്രിമാരെല്ലാം ഉലകം ചുറ്റാന്‍ പോയിരിക്കുകയാ… ഇവിടത്തെ രാജസദസ് രാജനീതിയെ തന്നെ തകിടം മറിക്കുന്ന സ്ഥിതിയിലല്ലെ? പോര്‍വിളിയല്ലെ… പോര്‍വിളി.. സുബ്രഹ്മണ്യന്റെ ഒളിയമ്പുകള്‍ നീണ്ടു.
പിലാത്തറയിലെ ഒ.കെ. നാരായണന്‍ നമ്പൂതിരിയുടെയും അധ്യാപിക മായ എന്‍. നമ്പൂതിരിയുടെയും മക്കളാണ് പരമേശ്വരനും സുബ്രഹ്മണ്യനും.
















