ശബരിമല: ഇത്തവണ മണ്ഡലപൂജയ്‌ക്കായി നട തുറന്നതിനുശേഷമുള്ള ഏറ്റവും വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് ഇന്നലെ അനുഭവപ്പെട്ടത്. ദര്‍ശനത്തിനായി കാത്തുനിന്നവരുടെ നിര മരക്കൂട്ടംവരെ നീണ്ടു.
ഫ്‌ളൈ ഓവര്‍ തീര്‍ഥാടകരെക്കൊണ്ട് തിങ്ങിനിറഞ്ഞതോടെ പതിനെട്ടാം പടിക്ക് താഴെ നിയന്ത്രണമേര്‍പ്പെടുത്തി. ഉച്ചപൂജയ്‌ക്ക് ശേഷം നട അടച്ചപ്പോഴും വലിയ നടപ്പന്തലില്‍ ദര്‍ശനം കാത്ത് നിരവധി അയ്യപ്പന്മാര്‍ ഉണ്ടായിരുന്നു. വൈകിട്ട് 4ന് നടതുറന്നപ്പോള്‍ ഭക്തരെക്കൊണ്ട് നടപ്പന്തലും തിരുമുറ്റവും നിറഞ്ഞുകവിഞ്ഞു. മരക്കൂട്ടം മുതല്‍ വലിയ നടപ്പന്തല്‍വരെ മണിക്കൂറോളം വരിയില്‍നിന്ന അയ്യപ്പഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്ന ലഘുഭക്ഷണവും കുടിവെള്ളവും ആശ്വാസമേകി.
പ്രസാദവിതരണ കൗണ്ടറുകള്‍ക്ക് മുന്നിലും വന്‍തിരക്കാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനവും കൂടി. 39 കോടി 68ലക്ഷത്തി അമ്പത്തയ്യായിരത്തി ഇരുനൂറ്റി അറുപത്തിയൊന്ന് രൂപയാണ് വ്യാഴാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത്് 21 കോടി 12 ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി അറുപത്തി ഏഴ് രൂപയാണ് കാണിക്കയിനത്തിലും പ്രസാദമിനത്തിലുമായി ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 കോടി 56 ലക്ഷം രൂപയുടെ വര്‍ധന. അരവണ വില്‍പ്പനയില്‍ 15 കോടി 47 ലക്ഷം, അപ്പം വില്‍പ്പനയില്‍ രണ്ടരകോടി രൂപയും ലഭിച്ചു. നട തുറന്നതിനുശേഷം എട്ടരലക്ഷത്തോളം തീര്‍ഥാടകരാണ് ഇതുവരെ ദര്‍ശനം നടത്തിയത്.
ശബരിമലയില്‍ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു
ശബരിമല: സന്നിധാനത്ത് പോലീസ് സേനയുടെ രണ്ടാമത് ബാച്ച്് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓഫീസറായി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സേനയാണ് ഇന്നലെ രാവിലെ 10ന് ചുമതലയേറ്റത്. തീര്‍ഥാടകരോട് അങ്ങേയറ്റം മര്യാദാപൂര്‍വം പെരുമാറണമെന്ന് വലിയ നടപ്പന്തലില്‍ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
















