കൊച്ചി: സാഹിത്യരംഗത്തെ പിടിച്ചുലച്ച കവിതാ മോഷണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ദീപാ നിശാന്തിന്റെ പുസ്തകത്തിന്റെ മൂന്നാം പതിപ്പിറക്കി ഡിസിബുക്ക്. കൃത്യദിവസം തന്നെ ദീപയുടെ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളില്‍’ മൂന്നാം പതിപ്പ് ഇറക്കിയത് ട്രോളാന്‍ വേണ്ടിയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ചകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലാണ് കവി എസ്. കലേഷിന്റെ അങ്ങിനെയിരിക്കേ മരിച്ചുപോയി ഞാന്‍/നീ എന്ന കവിത മോഷ്ടിച്ച് വികലമാക്കി അധ്യാപക സംഘടനയുടെ മാസികയില്‍ ദീപ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ എസ്. കലേഷ് തന്നെ രംഗത്ത് എത്തിയതോടെ ചെറിയ വിവാദമൊന്നുമല്ല സാംസ്‌കാരിക കേരളത്തില്‍ ഉണ്ടാക്കിയത്.
ഈ വിവാദങ്ങളെല്ലാം ഒന്നുകൂടി തലപൊക്കിക്കൊണ്ടാണ് ഓര്‍മ്മക്കുറിപ്പ് പുസ്തകത്തേയും സമൂഹ മാധ്യമങ്ങള്‍ വരവേറ്റിരിക്കുന്നത്. ഇതിനോടകം തന്നെ പഴയ കോപ്പിയടിയും ട്രോളുകളില്‍ നിറഞ്ഞിട്ടുണ്ട്. പുസ്തകവും ദീപയടിയാണോയെന്നും സമൂഹ മാധ്യമങ്ങള്‍ ആരായുന്നുണ്ട്. ഭാഷകൊണ്ട് ആളുകളേയും സ്വന്തം തെറ്റുകളേയും മറച്ചുവെയ്‌ക്കാനും ന്യായീകരിക്കാനും ശ്രമിച്ച ഭൂതകാലത്തെ തന്നെയാണ് ഈ പുസ്തകത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നതെന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
എസ്. കലേഷിന്റെ കവിത മോഷ്ടിച്ചിട്ടും അത് സമ്മതിക്കാന്‍ തയ്യാറാകാതിരുന്നതോടെ ദീപയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ക്ക് അങ്ങിനെ തന്നെ വിശ്വസിക്കാമെന്നാണ് ദീപ ഫേസ്ബുക്കിലൂടെ ഇതിന് വിശദീകരണം നല്‍കിയത്. ഇതു കൂടാതെ കവിത സുഹൃത്ത് ശ്രീചിത്രന്‍ നല്‍കിയതാണെന്ന് പരസ്യപ്പെടുത്താതെ ദീപ നിശാന്ത് ഒട്ടേറെ ഒളിച്ചു കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കവിതാ ആസ്വാദകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ ആ കവിത പോസ്റ്റ് ചെയ്താണെന്നും അല്ലാതെ ആര്‍ക്കും നല്‍കിയില്ലെന്നാണ് ശ്രീചിത്രന്‍ മറുപടി നല്‍കിയത്. ഇടതുപക്ഷ പ്രവര്‍ത്തകയായ ദീപ നിശാന്തിനേയും ശ്രീചിത്രനേയും വിവാദത്തില്‍ നിന്നും സംരക്ഷിക്കുന്ന നിലപാടിലായിരുന്നു പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്.
















