തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയിഡ്. ഹോസ്റ്റലിലെ അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്‌ക്കാണ് റെയിഡ് നടത്തിയത്. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് എസ്‌ഐമാരെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. ഹോസ്റ്റലില്‍ നിന്ന് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഡിസിപി വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരനായ എട്ടപ്പന്‍ എന്ന മഹേഷിനെയും സംഘത്തെയും തപ്പിയാണ് പോലീസ് ഹോസ്റ്റലില്‍ എത്തിയത്. രണ്ടുദിവസം മുന്‍പ് ഹോസ്റ്റലില്‍ കെഎസ് യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ എസ് എഫ് ഐ നേതാവായ മഹേഷ് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനു ശേഷം മഹേഷ് തിരികെ വരുകയും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്തു. എന്നിട്ടും പോലീസിനു ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനം പോലീസിനെതിരെ ഉയര്‍ന്നിരുന്നു.
ഇതിന്റെ പേരില്‍ ഇന്നലെ യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ എസ് എഫ് ഐയും കെഎസ് യുവും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്ഐകെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്. ഒളിവിലാണെന്നു പറയപ്പെട്ട എട്ടപ്പന്‍ ഇന്നലെ തിരികെ വരുകയും കെഎസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്തുവെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു. പോലീസ് റെയിഡില്‍ പത്തിലധികം ക്രിമിണലുകള്‍ പിടിയിലായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
















