തിരുവനന്തപുരം: പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും കുറ്റമറ്റതാക്കാനുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുവാന്‍ സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാഹാളില്‍ സിസിടിവി ക്യാമറയും ഘടികാരവും നിര്‍ബന്ധമാക്കി. വാച്ചുകളും, മൊബൈല്‍ ഫോണുകളും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കില്ല.
സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സീനിയര്‍ അധ്യാപകര്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് സ്‌ക്വാഡുകള്‍ പരീക്ഷകളുടെ നടത്തിപ്പ് കൃത്യതയോടെ നിരീക്ഷിക്കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അദ്ധ്യാപകര്‍ വ്യക്തവും കൃത്യവുമായ ഉത്തരസൂചികകളും ഒപ്പം സമര്‍പ്പിക്കണം. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ ശമ്പളം തടയാന്‍ ഗവണ്മെന്റിനോട് ശുപാര്‍ശ ചെയ്യും. സ്വാശ്രയ കോളെജിലെ അദ്ധ്യാപകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ക്ക് ദിനംപ്രതി 1000 രൂപ ക്രമത്തില്‍ പിഴ ചുമത്തും.
സാങ്കേതിക വിദ്യാഭ്യാസത്തിന് ഉപയുക്തമായ മൂക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യാനും പരിശീലിപ്പിക്കുവാനുമായി ഒരു വിഭവ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുവാന്‍ അക്കാഡമിക് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി തപാലില്‍ ലഭിക്കും. അതിനോടൊപ്പം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നു ദിവസത്തിനകം ലഭ്യമാക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിനും സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പുനര്‍മൂല്യ നിര്‍ണയത്തെപ്പറ്റിയുള്ള വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ആവശ്യമായ റിവ്യൂ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അക്കാഡമിക് കൗണ്‍സിലിനെ ചുമതലപ്പെടുത്തി.
സര്‍വകലാശാലയുടെ കീഴില്‍ തുടങ്ങുന്ന വിവിധ പഠന ഗവേഷണ വകുപ്പുകളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് ഓട്ടോണോമസ് പദവി നല്‍കുന്ന കാര്യത്തില്‍ ഗവണ്മെന്റിന്റെ അഭിപ്രായം തേടാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാങ്കേതിക സര്‍വകലാശാല ടെക് ഫെസ്റ്റ് മാര്‍ച്ച് 20 മുതല്‍ 23 വരെ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ചു നടത്തും. വൈസ് ചാന്‍സലര്‍ ഡോ: എം.എസ്.രാജശ്രീ ആധ്യക്ഷം വഹിച്ചു.
















