കൊച്ചി: കൂത്തുപറമ്പ് വെടിവെയ്‌പില്‍ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ പുഷ്പന് ലോകത്തൊരിടത്തും ചികിത്സയില്ലെന്ന് സിപിഎം. കൂത്തുപറമ്പ് വെടിവയ്‌പിലെ ജീവിക്കുന്ന രക്തസാക്ഷിയായ തന്റെ ഈ അവസ്ഥയ്‌ക്ക് വിദേശത്തു പോലും ചികിത്സയില്ലെന്നാണ് പാര്‍ട്ടി അറിയിച്ചതെന്ന് പുഷ്പന്‍ പറയുന്നത്.
എന്നെ ചികിത്സിച്ചതിന്റെ മെഡിക്കല്‍ റെക്കോര്‍ഡുമായി ഇന്ത്യയിലെ പ്രധാന ആശുപത്രികളിലെല്ലാം പോയിട്ടുണ്ടെന്നാണ് സിപിഎം അറിയിച്ചത്. എഴുനേറ്റ് നടക്കാന്‍ എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കില്‍ ലോകത്തിലെവിടെയായാലും എന്നെ ചികിത്സിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് എനിക്കറിയാമെന്നാണ് പുഷ്പന്‍ ദേശാഭിമാനി വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പാര്‍ട്ടിക്ക് വേണ്ടി വെടിയേറ്റ് 25 വര്‍ഷമായി കിടപ്പിലായ പുഷ്പന് മികച്ച ചികിത്സാ സൗകര്യമൊരുക്കാത്തതില്‍ സൈബര്‍ സഖാക്കള്‍ ഈയിടെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയ ഘട്ടത്തിലും കോടിയേരി ബാലകൃഷ്ണന്‍ ഹൂസ്റ്റണില്‍ ചികിത്സയ്‌ക്കായി പോയപ്പോഴുമാണ് രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ഇതിനെ പാര്‍ട്ടിതലത്തില്‍ തന്നെ പ്രതിരോധിക്കാനാണ് ദേശാഭിമാനി വാരിക ഈ അഭിമുഖം ഇക്കുറി നല്‍കിയിരിക്കുന്നത്.
















