ഹൈദരാബാദ് : ഡോ. പ്രിയങ്ക റെഡ്ഡിയുടെ സ്‌കൂട്ടറിന്റെ കാറ്റ് അഴിച്ചുവിട്ട ശേഷം പഞ്ചറൊട്ടിക്കാമെന്ന പേരില്‍സഹായം ചെയ്തത് ശിവയെന്ന് പോലീസ്. ബുധനാഴ്ച നടന്ന അതിക്രൂരമായ കൊലപാതകക്കേസില്‍ നാലുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവര്‍ അറസ്റ്റിലായത്. ഇതില്‍ ടയറിന്റെ കാറ്റഴിച്ചു വിട്ടശേഷം യുവതിക്കു സഹായം വാഗ്ദാനം ചെയ്തതു ശിവയാണെന്നു പോലീസ് പറഞ്ഞു. നന്നാക്കാനെന്ന രീതിയില്‍ ഇയാള്‍ സ്‌കൂട്ടറുമായി പോവുകയായിരുന്നു.
ഈ സമയത്ത് ആരിഫ്, നവീന്‍, ചന്നകേശവലു എന്നിവര്‍ യുവതിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. തിരികെയെത്തിയ ശിവയും ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബ്ലാങ്കറ്റില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച് ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സംഭവ സ്ഥലത്തെത്തിയ വഴിയാത്രക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
അതേസമയം യുവതിയെ കാണാതായെന്ന് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചു. സഹായിക്കാന്‍ തയ്യാറായില്ല, മറിച്ച് തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ല കൃത്യം നടന്നതെന്നറിയിച്ച് മറ്റ് സ്റ്റേഷനുകളിലേയ്‌ക്ക് പറഞ്ഞയയ്‌ക്കുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകളെ നഷ്ടപ്പെടില്ലായിരുന്നെന്നും യുവതിയുടെ അമ്മ കുറ്റപ്പടുത്തി.
ഷംഷാബാദിലെ വീട്ടില്‍നിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്രോഗ വിദഗ്ധനെ കാണാന്‍ പോയ യുവതി രാത്രി 9.22 ന് സഹോദരിയെ ഫോണില്‍ വിളിച്ച് താന്‍ ഷംഷാബാദ് ടോള്‍ ബൂത്തിനു സമീപത്താണെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായതായി ഒരാള്‍ പറഞ്ഞെന്നും അറിയിച്ചു. ഒരാള്‍ സഹായം വാഗ്ദാനം ചെയ്തുവെന്നും സംശയകരമായ സാഹചര്യത്തില്‍ ചില ലോറി ഡ്രൈവര്‍മാര്‍ സമീപത്തുണ്ടെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
















