തിരുവനന്തപുരം: ചേംബറില്‍നിന്ന് വലിച്ച് പുറത്തിട്ടു ചവിട്ടുമെന്ന് വഞ്ചിയൂര്‍ കോടതിയിലെ വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതായി മൊഴി. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ദീപാ മോഹനന്റെ മൊഴി. വാഹനാപകടക്കേസിലെ പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ ജാമ്യം നിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകര്‍ സംഘടിച്ചെത്തി തടഞ്ഞ് വച്ചത്.
വനിതാ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടു, ജോലി തടസപ്പെടുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയവയ്‌ക്കാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. വനിതാ മജിസ്‌ട്രേററ്റ് നല്‍കിയ പരാതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വഞ്ചിയൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. പി. ജയചന്ദ്രന്‍ ഒന്നാം പ്രതിയും സെക്രട്ടറി പാച്ചല്ലൂര്‍ രാധാകൃഷ്ണന്‍ രïാം പ്രതിയും കïാലറിയാവുന്ന പത്ത് അഭിഭാഷകര്‍ കൂട്ടുപ്രതികളുമായാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
ഒന്നാം പ്രതി ആദ്യം ചേംബറിലെത്തി മജിസ്‌ട്രേറ്റിനോട് കയര്‍ത്തു സംസാരിച്ചു. ‘പത്തു നാല്‍പ്പത് വര്‍ഷം പ്രാക്ടീസുള്ള വക്കീലന്‍മാരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നത്. ആദ്യം പോയി നിയമം പഠിക്കണം. സ്ത്രീ ആയിപ്പോയി അല്ലെങ്കില്‍ ചേംബറില്‍നിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയേനെ’ എന്ന് പറഞ്ഞ് ആക്രോശിച്ചെന്നാണ് മൊഴി. ഇനി കോടതിയില്‍ ആരെങ്കിലും വരണോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും ഭീഷണിപ്പെടുത്തി.
















