മലയാള കവിതാ പാരമ്പര്യത്തില്‍ നിന്ന് വിഘടിച്ച്, റിയലിസത്തിന്റെ പാശ്ചാത്യവഴിയിലൂടെ, കല്‍പ്പനാശേഷി നശിച്ചു പോയവരുടെ കൃതിവികൃതികള്‍ വായിച്ച് ‘കവിതയ്‌ക്കു ഭംഗിയില്ല’ എന്ന കണ്ടുപിടിത്തത്തിന്റെ കാലമാണിത്. ഇന്നും നമുക്ക് ആശ്വാസം പാരമ്പര്യത്തിന്റെ പ്രഭാവം തന്നെ. 12-ാം ശതകം മുതലുള്ള ഭക്തിപ്രസ്ഥാനം അഭിമാനത്തോടെ ഓര്‍ത്തിരിക്കേണ്ട ഒരു സത്യം.
ചെറുശ്ശേരിയിലും എഴുത്തച്ഛനിലും കൂടെ വേദസംസ്‌കൃതിയുടെ ആത്മനിര്‍വൃതി അവിച്ഛിന്നം ഇന്നും അനുഭവപ്പെടുന്നതിന്, നമ്മുടെ കവിത്രയവും അവരെ പിന്തുടര്‍ന്നു പോന്ന വരകവികള്‍- ജിയും വൈലോപ്പിള്ളിയും ഇടശേരിയും എന്‍.വി.യും ആണ് വിശ്രുതമായ ഉദാഹരണങ്ങള്‍. പരമ്പരയില്‍ മുഖ്യമായും ഇടശേരി ഗോവിന്ദന്‍ നായരുടെ മാനസിക ശിഷ്യത്വം വരിച്ച അക്കിത്തം അച്യുതന്‍ നമ്പൂതിരിയാണ് ആധുനിക മലയാള കവിതയുടെ ഇന്നത്തെ പ്രതിനിധി. വ്യക്തിത്വത്തെ മറന്നുള്ള ആധുനികതാ ദുരന്തത്തില്‍പ്പെട്ടുപോയ കവിയെ കാളിദാസപാ
രമ്പര്യത്തിലേക്ക്, ഋഷിദര്‍ശനത്തിന്റെ വൈദിക വിശുദ്ധിയിലേക്ക്, ആനയിക്കുമ്പോള്‍ തന്നെ, പരിഷ്‌കരണ വ്യാമോഹങ്ങളില്‍ അകപ്പെട്ടുപോയെങ്കിലും ഇന്നത്തെ ജീവിതസമസ്യയുടെ മൗലികമായ വൈകാരികതയ്‌ക്ക് സമര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ടാണ് അക്കിത്തത്തിന്റെ ഏത് രചനയും. വൈദിക ദര്‍ശനത്തിന്റെ രണ്ടായിരം കൊല്ലത്തെ വ്യക്തിത്വ വിലാസവും ആധുനികതയുടെ ഭൗതിക പ്രതാപത്തിന്റെ ഉള്ളുകളിയും ഈ കവിയില്‍ ഒത്തുചേരുന്നു. ജീവിതദുഃഖത്തെ അതിന്റെ ഉല്പത്തി സ്ഥാനത്തുതന്നെ തിരിച്ചറിഞ്ഞ്, അതിനെ അതിജീവിക്കാനുള്ള പ്രജ്ഞാബലം പകരാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഇടശേരിയും എന്‍.വിയുമായുള്ള ബൗദ്ധിക ഐക്യമാണ്.
ആഖ്യാന ശൈലിയിലെ മൗലികത നിമിത്തം അക്കിത്തത്തിന്റെ പല ഈരടികളും പഴഞ്ചൊല്ലുകള്‍ പോലെ മനസ്സില്‍ പതിയുന്നു. ചില സന്ദര്‍ഭത്തില്‍ ഇംഗ്ലീഷ് പദവും അദ്ദേഹത്തിനിണങ്ങും. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ‘പണ്ടത്തെ മേശാന്തി’ എന്നീ കവിതകള്‍ അക്കിത്തത്തിന്റെ രചനാസവിശേഷതയാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ആമ്‌നായ രഹസ്യം തേടുന്ന മാനസിക പരിശീലനം അക്കത്തത്തിന്റെ ‘സ്ഥായി’ ആണെങ്കില്‍ ദൈനംദിന ജീവിത സമസ്യകള്‍ ‘സഞ്ചാരി’ ഭാവങ്ങളാണ്. ഒന്നില്‍ നിന്ന് മറ്റേതിലേക്ക് ഒട്ടും ദൂരമില്ല.
”ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ
ഉദിക്കയായ് എന്നാത്മാവില്‍
ആയിരം സൗരമണ്ഡലം”
തെരുവില്‍ ചത്തപെണ്ണിന്റെ കണ്ണുകള്‍ കാക്കകൊത്തി വലിക്കുന്നത് നേരിട്ടു കണ്ട കാഴ്ചയാണെന്ന് കവി ഈയിടെ ദൂരദര്‍ശനില്‍ അഭിമുഖത്തില്‍ പറഞ്ഞു. കാണാന്‍ കഴിവില്ലാതെ കണ്ണടച്ച് ഇരുന്നുപോകുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ വിപ്ലവാഹ്വാനം പുറപ്പെടുവിച്ച് സമൂഹസമുദ്ധാരണത്തിന് ഭാവിക്കുന്നവരുടേത് വെറും അഭിനയമാണ്. തങ്ങളുടെ പ്രചാരത്തിന് അവന്‍ അങ്ങനെ ചെയ്യുന്നു. ഈ അഭിനയമാണ് അക്കിത്തത്തിന് ഇല്ലാത്തത്. ആത്മാവില്‍ ഉദിക്കുന്ന സൂര്യപ്രഭ, പ്രപഞ്ചസൃഷ്ടിയുടെ പൊരുള്‍ ആണ്. ആ പൊരുളിന്റെ വെളിച്ചത്തില്‍ മനുഷ്യദുഃഖവും അലിഞ്ഞുചേരുന്നു. ഇവിടെ ആരു സമുദ്ധരിക്കാന്‍? ആരെ സഹായിക്കാന്‍? ഇതൊരു പിന്തിരിപ്പന്‍ ചിന്തയാണെന്ന് പറയുന്നവരാവും കൂടുതല്‍. എന്നാല്‍, പിന്തിരിഞ്ഞ് എത്തുന്നത് സത്യത്തിന്റെ വെളിച്ചത്തില്‍ ആണെങ്കിലോ (കവി അങ്ങനെ എത്തുന്നു); അത് ജ്ഞാനയോഗത്തിന്റെ ഒരു ചവിട്ടുപടി ആണെന്ന് പറയുന്നതിലല്ലേ വാസ്തവികത കൂടുതലുള്ളത്? ”നിത്യമേഘം” എന്ന കവിത ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. മേഘത്തെ കവി കാണുമ്പോള്‍,
‘കാലമാ മഴമേഘത്തെ
കണ്ടുനിന്നോര്‍ത്തു പോകയാം
ഓടപ്പുല്ലൂതി ലോകത്തെ
ബ്ഭരിച്ചോരളി വര്‍ണനെ
അവന്റെ വായില്‍ കാണായ
വിശ്വരൂപം കണക്കിനെ,
എന്നെ വിസ്മിത നോക്കുന്നു
മേഘമേ നിന്‍ മഹാശയം
ഇതിലൂടെ കവിയുടെ അനുഭാവം- തന്റെ നിലനില്‍പിന്റെ അര്‍ഥം- ഇങ്ങനെ വ്യക്തമാക്കുന്നു.
”വജ്രം തുളച്ചിരിക്കുന്ന രക്തങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നുപോന്നു ഭാഗ്യത്താല്‍: വെറും നൂലായിരുന്നു ഞാന്‍.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: