കാസര്‍കോട്ടു നിന്നു മാത്രം മത്സരാര്‍ത്ഥികളുണ്ടായിരുന്ന യക്ഷഗാനം ദേശങ്ങള്‍ കടന്നതിന് കാഞ്ഞങ്ങാട്ടെ അറുപതാം സ്‌കൂള്‍ കലോത്സവം സാക്ഷിയായി. പതിവില്‍ നിന്ന് വിപരീതമായി സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നിന്നൊഴികെയുള്ള ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. യക്ഷഗാന മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമായി കന്നഡ ഭാഷ പഠിച്ചാണ് ജില്ലയ്‌ക്ക് പുറത്തുള്ള മത്സരാര്‍ത്ഥികള്‍ വേദിയില്‍ ശ്രദ്ധനേടിയത്. കോട്ടയം പാമ്പാടി ക്രോസ് റോഡ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനികളായ അനിത, എമിലി, അരുണി, വിസ്മയ, അലീഷ, ആര്യ, കാര്‍ത്തിക എന്നിവര്‍ കഴിഞ്ഞ അഞ്ച് മാസക്കാലമായി യക്ഷഗാനം പഠിക്കുന്നു. രാമായണത്തിലെ ശൂര്‍പ്പണേഖ വധമാണ് വിഷയം. കന്നഡ ഭാഷ മലയാളത്തിലാക്കി അവര്‍ കന്നഡ ഭാഷ പഠിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യക്ഷഗാനം പഠിപ്പിച്ചത് യക്ഷഗാനം പഠിപ്പിച്ചത് മാധവ നെട്ടണിഗെ എന്ന യക്ഷഗാന കലാകാരനാണ്.
തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ക്ക് ദിവാകര മല്ലവും, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജയറാം പാട്ടാളി പടുമലയും, പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സതീഷ് പുണിഞ്ചിത്തായയും യക്ഷഗാന ഗുരുക്കന്‍മാരായി.
യക്ഷഗാനത്തിന്റെ നാടായ കാസര്‍കോട്ട് കലോത്സവം നടക്കുമ്പോഴും വേഷച്ചമയത്തിന് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാത്തതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധമുണ്ടെന്ന് യക്ഷഗാനകലാകാരന്‍ മാധവ നെട്ടണിഗെ പറഞ്ഞു.
















