ശ്രേഷ്ഠനായ വി.ടി. ഭട്ടതിരിപ്പാടിന്റേയും ഇ.എം.എസിന്റേയും മറ്റും ഒപ്പം സാമൂഹ്യ വിപ്ലവത്തിനിറങ്ങിത്തിരിച്ച യുവാവായിരുന്നു അക്കിത്തം. എന്നാല്‍, വിപ്ലവകാല്‍പ്പനിക മനസ്സില്‍ കവിതയും ഒപ്പം കാഴ്ചപ്പാടും ശക്തമായിരുന്നതിനാല്‍ ശരിയായ വഴി അദ്ദേഹം തിരിച്ചറിഞ്ഞു. വിപ്ലവകരമായ മാറ്റമായിരുന്നു പിന്നീട് അദ്ദേഹത്തില്‍.
അങ്ങനെ തികച്ചും സാമൂഹ്യവും ശാസ്ത്രീയവുമായ പദ്ധതികളില്‍ ആര്‍ഷ സംസ്‌കൃതിയെ ആശ്ലേഷിക്കുകയും ആവാഹിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു. അതിലൂടെ കവിതയുടെ ലോകത്തും സാമൂഹ്യ രംഗത്തും കവി അക്കിത്തം വിപ്ലവത്തിന് പുതിയ മാതൃകതന്നെ സൃഷ്ടിച്ചു. ആ മാതൃക കേരള സാമൂഹ്യ പരിഷ്‌കരണത്തിനു വഴി തെളിച്ചു. അക്കിത്തം കവിതയുടെ മാര്‍ഗവും അതുതന്നെയായിരുന്നു.
കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹ്യ നവോത്ഥാനത്തില്‍ മഹാകവിക്കും കാവ്യങ്ങള്‍ക്കുമുള്ള സ്ഥാനം വലുതാണ്. അതിന് ഭാരതത്തിന്റെ സാംസ്‌കാരിക കേന്ദ്രം അംഗീകാരവും ആശംസയും നല്‍കുന്നതാണ് ഈ ജ്ഞാനപീഠ സമ്മാനം.
കേരളത്തില്‍ രാഷ്‌ട്രീയവും സാമൂഹ്യക്രമവും സാഹിത്യവും പ്രത്യേക ചിന്താപദ്ധതിയിലൂടെ രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടപ്പോള്‍ എതിര്‍ക്കാനും ശഠിക്കാനും നില്‍ക്കാതെ ഋഷിമാരുടെ ശമവും ശാന്തിയും അനുവര്‍ത്തിച്ച് അനുഭവിപ്പിച്ച് നേര്‍വഴിക്ക് നയിച്ചത് അക്കിത്തമായിരുന്നു. മനസ്സിനിണങ്ങിയ ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാകാനും സംഘടനയ്‌ക്കു വേണ്ടിയും സംഘടനാ ദര്‍ശനങ്ങള്‍ക്കു വേണ്ടിയും നിരന്തരം പ്രവര്‍ത്തിക്കാനും അക്കിത്തം കാണിച്ചിരുന്ന ശ്രദ്ധ മാതൃകാപരമാണ്.
ഈ ജ്ഞാനപീഠ ലബ്ധി കവിക്ക് മാത്രമല്ല, മലയാള ഭാഷയ്‌ക്കും ഭാരത സംസ്‌കാരത്തിനും അക്കിത്തം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ക്കുമുള്ള ആവര്‍ത്തിച്ചുറപ്പിക്കുന്ന അംഗീകാരംകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: