മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറയെന്ന് ശിവസേന മുഖപത്രം. ഉദ്ധവ് താക്കറെയുമായി സഹകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. പ്രധാനമന്ത്രി ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ലെന്നും രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നും സാമ്ന പറയുന്നു. ഇന്നലെ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്‌ട്രയുടെ പുരോഗതിക്കായി ഉദ്ധവ് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷ തനിക്ക് ഉള്ളതായി മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് മറുപടിയായാണ് ശിവസേന മുഖപത്രം സാംന അതിന്റെ മുഖപ്രസംഗത്തില്‍ ഉദ്ധവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ചത്. വിശ്വസിച്ചാലും ഇല്ലെങ്കിലും മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ശക്തമായിരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ബിജെപിയുടെ തണലില്‍ നിന്ന് വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ വെച്ച് പ്രചാരണം നടത്തിയാണ് ശിവസേന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ആദിത്യ താക്കറയുടെ പ്രചരണത്തിന്റെ ചിത്രങ്ങള്‍ അടക്കം ഇതിന് ഉദാഹരണമാണ്. ഒരു സര്‍ക്കാരുണ്ടാക്കാനായി ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും. അജിത് പവാറിനെതിരായ ഒരു കേസും റദ്ദാക്കിയിട്ടില്ലന്നും അമിത് ഷാ വ്യക്തമാക്കി. മാധ്യമങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. അജിത് പവാറിനെതിരായ ആരോപണങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ലന്നും അദേഹം വ്യക്തമാക്കി. ബിജെപി പവാറിന്റെ അടുത്തേക്ക് പോയില്ല, അജിത് പവാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുകെയായിരുന്നുവെന്നും അദേഹം പറഞ്ഞിരുന്നു.
















